യുക്രൈനിലെ പ്രധാന നഗരം കീഴടക്കി റഷ്യ, മനോവീര്യം തകര്‍ന്ന് യുക്രൈന്‍; പുതിന്റെ പദ്ധതി വിജയിക്കുമോ?

#ന്യൂസ് ഡെസ്ക്
റഷ്യൻ സൈന്യവുമായി പോരാടുന്ന യുക്രൈൻ സൈനികര്‍
റഷ്യൻ സൈന്യവുമായി പോരാടുന്ന യുക്രൈൻ സൈനികര്‍

കീവ്: കിഴക്കന്‍ യുക്രൈനിലെ പോക്രോവ്‌സ്‌ക് നഗരം റഷ്യ കീഴടക്കിയതായി റിപ്പോർട്ട്. 21 മാസമായി തുടരുന്ന യുദ്ധത്തില്‍ ഏറെനാളിന് ശേഷം റഷ്യ നേടുന്ന നിര്‍ണായക മുന്നേറ്റമായാണ് ഈ വിജയം കണക്കാക്കുന്നത്. യുക്രൈന്റെ പ്രതിരോധത്തെ തകര്‍ത്ത് റഷ്യന്‍ സൈന്യം നഗരത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. അതേസമയം, ഇരുസേനകളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോക്രോവ്‌സ്‌കിലെ യുക്രൈനിയന്‍ സൈന്യത്തെ വളഞ്ഞുവെന്ന റഷ്യന്‍ വാദങ്ങളെ യുക്രൈന്‍ നിഷേധിച്ചിട്ടുണ്ട്. യുക്രൈനിയന്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇത് എന്നതിനാല്‍ സൈനിക നീക്കങ്ങള്‍ക്ക് ഇത് വളരെ പ്രധാനമായിരുന്നു. കിഴക്ക് ഡൊനെറ്റ്‌സ്‌കിലേക്കും കോസ്റ്റ്യാന്റിനിവ്കയിലേക്കും പടിഞ്ഞാറ് നിപ്രോയിലേക്കും സപ്പോരിഷ്യയിലേക്കും നയിക്കുന്ന പ്രധാന റോഡുകളുടെ സംഗമസ്ഥാനത്താണ് പൊക്രോവ്‌സ്‌ക് നഗരം സ്ഥിതിചെയ്യുന്നത്.

കഴിഞ്ഞ വേനല്‍കാലം മുതല്‍ ഈ പ്രദേശത്തിന് ചുറ്റും റഷ്യന്‍ സൈന്യം വളഞ്ഞിരുന്നു. പ്രധാന ഹൈവേയിലും റെയില്‍ പാതയിലും ഡ്രോണ്‍, പീരങ്കി ആക്രമണങ്ങള്‍ നടത്തി റഷ്യന്‍ സൈന്യം യുക്രൈനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നഗരം പിടിച്ചെടുക്കാന്‍ റഷ്യ ഈ മേഖലയില്‍ ഏകദേശം 170,000 സൈനികരെയാണ് വിന്യസിച്ചിരുന്നതെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയത്.

2023 മെയ് മാസത്തില്‍ ബഖ്മുത് പിടിച്ചടക്കിയ ശേഷം റഷ്യ പിടിച്ചെടുക്കുന്ന ഏറ്റവും വലിയ നഗരമായിരിക്കും പോക്രോവ്‌സ്‌ക്. യുദ്ധത്തിന് മുമ്പ് പോക്രോവ്‌സ്‌കില്‍ ഏകദേശം 60,000 ആളുകള്‍ താമസിച്ചിരുന്നുവെങ്കിലും, 2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം ഭൂരിഭാഗം പേരും അവിടം വിട്ടു. യുക്രൈനിയന്‍ അധികാരികളുടെ കണക്കനുസരിച്ച്, ഏകദേശം 1,200 പേര്‍ ഇപ്പോഴും നഗരത്തില്‍ തുടരുന്നുണ്ട്.

ഇവിടെ ശേഷിക്കുന്നവരെ ഒഴിപ്പിക്കാനാകില്ലെന്നാണ് യുക്രൈന്‍ സൈന്യം പറയുന്നത്. അതേസമയം, പോക്രോവ്‌സ്‌ക് നിവാസികളെ റഷ്യന്‍ ഭാഗത്തേക്ക് ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കിഴക്കന്‍ യുക്രൈനിലെ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകളും തെക്ക് ഖേഴ്‌സണ്‍, സപ്പോരിഷ്യ എന്നീ പ്രവിശ്യകളും പൂര്‍ണ്ണമായി പിടിച്ചെടുക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. ഇതില്‍ നിര്‍ണായമായ സ്ഥാനമാണ് പോക്രോവ്‌സ്‌കിലൂടെ റഷ്യ നേടിയിരിക്കുന്നത്.

ഇവിടെനിന്ന് യുക്രൈന്‍ പ്രതിരോധത്തിന്റെ നട്ടെല്ലായ വടക്കുകിഴക്കുള്ള വ്യാവസായിക നഗരങ്ങളിലേക്ക് റഷ്യ സൈനിക നീക്കം നടത്തുമെന്നാണ് കരുതുന്നത്. പോക്രോവിസ്‌ക് പൂര്‍ണമായും കീഴടക്കി കഴിഞ്ഞാല്‍ തൊട്ടടുത്ത പട്ടണമായ മിര്‍ണോഹ്രാഡിലേക്ക് റഷ്യന്‍ സൈന്യം പെട്ടെന്നെത്തും. തുടര്‍ന്ന് കോസ്റ്റ്യാന്റിനിവ്ക, ഡ്രുഷ്‌കിവ്ക എന്നിവ ലക്ഷ്യമാക്കിയുള്ള സൈനികനീക്കമാകും റഷ്യ നടത്തുകയെന്നാണ് യുക്രൈന്‍ സൈന്യം കണക്കുകൂട്ടുന്നത്.

റഷ്യന്‍ സൈനിക നീക്കം തടയാന്‍ ആവശ്യമായ സന്നാഹങ്ങളില്ലാതെ വലയുകയാണ് യുക്രൈന്‍ സൈന്യം. ആവശ്യമായ സൈനികരില്ലെന്നും കവചിത വാഹനങ്ങളില്ലെന്നും മേഖലയിലെ സൈനികവൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. നഗരം ഉപേക്ഷിക്കുന്നത് ഒരു വലിയ പരാജയമായി കണക്കാക്കപ്പെടുമെന്നതിനാല്‍, പരമാവധി പിടിച്ചുനില്‍ക്കാനുള്ള നീക്കം യുക്രൈന്‍ നേതൃത്വം നടത്തിയേക്കുമെന്നാണ് കരുതുന്നത്. പോക്രോവ്‌സ്‌കിന്റെ പതനം സംഭവിക്കുമെന്ന് യുക്രൈന്‍ സൈന്യത്തിന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാലും ഇവിടെനിന്ന് പിന്മാറാനുള്ള ഉത്തരവ് ഇതുവരെയും സൈന്യത്തിന് ലഭിച്ചിട്ടില്ല.

ഇത് സൈനികര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 2023-ലെ ബഖ്മുതിലെയും 2024-ലെ അവ്ദിവ്കയിലെയും പോരാട്ടങ്ങള്‍ യുക്രൈന്‍ സൈന്യത്തില്‍ വലിയ ആള്‍നാശമുണ്ടാക്കിയിരുന്നു. റഷ്യന്‍ സൈന്യത്തിലും വലിയ ആള്‍നാശമുണ്ടായെങ്കിലും കൂടുതല്‍ സൈന്യത്തെയും കൂലിപ്പട്ടാളത്തെയും വിന്യസിച്ച് റഷ്യ ഇതിനെ മറികടന്നിരുന്നു. പോക്രോവിസ്‌കില്‍ നിന്ന് യുക്രൈന്‍ സൈന്യത്തിന് പുറത്തുകടക്കണമെങ്കില്‍ ഒരുവഴി മാത്രമേ അവശേഷിക്കുന്നുള്ളുവെന്നാണ് വിവരം. പിന്മാറാന്‍ വൈകുംതോറും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്.

Content Highlights: Russian forces are close to capturing Pokrovsk, a symbolic win for Putin despite diminishing strategic value. Intense fighting and high costs mark the battle.