ഡൂംസ് ഡേ വിമാനത്തിന്റെ പ്രധാനഭാഗം മോഷണംപോയി: റഷ്യയില്‍ ആശങ്ക; വിമാനമുള്ള മറ്റൊരു രാജ്യം അമേരിക്ക

മോസ്കോ: റഷ്യയുടെ ഡൂംസ് ഡേ വിമാനത്തിൽ നിന്ന് സുപ്രധാന ഭാഗം മോഷ്ടിക്കപ്പെട്ടതായി റഷ്യൻ പോലീസ് സേന ബുധനാഴ്ച വ്യക്തമാക്കി. അണുവായുധ യുദ്ധസാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി പ്രത്യേകമായി നിർമിക്കപ്പെട്ടതാണ്'ഡൂംസ് ഡേ വിമാനം'(Dooms Day Plane). അമേരിക്കയുടേയും റഷ്യയുടേയും പക്കൽ മാത്രമാണ് നിലവിൽ ഡൂംസ് ഡേ വിമാനമുള്ളത്.
ഇല്യൂഷിൻ II-80 വിമാനത്തിൽ നിന്ന് ഒരു മില്യൺ റൂബിൾ(13,600 ഡോളർ) വില വരുന്ന ഉപകരണം വ്യോമപരിധിക്കുള്ളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി താഗൻ റോഗ് പോലീസ് വകുപ്പ് അറിയിച്ചതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിമാനത്തിൽ അറ്റകുറ്റപണികൾ നടന്നുവരുന്നതിനിടെയുണ്ടായ ഈ സംഭവം നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ആഭ്യന്തരവകുപ്പിന് ആശങ്കയുയർത്തുന്നതാണ്.
താഗൻ റോഗിലാണ് വിമാനത്തിന്റെ അറ്റകുറ്റപണികൾ നടന്നിരുന്നത്. മോഷ്ടാക്കൾ വിമാനത്തിന്റെ കാർഗോ ഹാച്ച് തുറന്നതായും വിമാനത്തിനുള്ളിൽ നിന്ന് ഷൂ അടയാളവും വിരലടയാളവും ലഭിച്ചതായും പോലീസ് സൂചിപ്പിച്ചതായി റെൻ-ടിവി റിപ്പോർട്ട് ചെയ്തു. അതിവിദഗ്ധരായ മോഷ്ടാക്കൾക്ക് മാത്രമേ അതിസുരക്ഷാമേഖലയിൽ പ്രവേശിക്കാനും മോഷണം നടത്താനും സാധിക്കുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. ഇതിനോടകം 12 പേരെ ചോദ്യംചെയ്തു കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് മോഷണവിവരം പോലീസ് പുറത്തുവിട്ടത്.
അടിയന്തര സാഹചര്യമുണ്ടായാൽ വ്യോമപരിധിയിൽനിന്നുള്ള സേനാനിയന്ത്രണങ്ങൾക്കും പ്രസിഡന്റിനേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും മാറ്റിപ്പാർപ്പിക്കുന്നതിനും വേണ്ടി ജെറ്റ് വിമാനം രൂപമാറ്റം വരുത്തി നിർമിച്ചതാണ് ഇല്യൂഷിൻ II-80 വിമാനം. അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ അവസാനഘട്ടത്തിലാണ് റഷ്യ ഡൂംസ് ഡേ വിമാനം സ്വന്തമാക്കിയത്. ഇതുൾപ്പെടെ നാല് ഡൂംസ് ഡേ വിമാനങ്ങൾ റഷ്യയ്ക്കുണ്ട്.
Content Highlights: Russia Investigates Doomsday Plane Robbery
Content Highlights: