അസദ് പുതിന്റെ സംരക്ഷണത്തില്‍; മന്‍ബിജ് പിടിച്ച് തുര്‍ക്കി, വിമതസഖ്യത്തില്‍ അസ്വസ്ഥത തുടങ്ങി

ബാഷര്‍ അല്‍ അസദും വ്‌ളാദിമിര്‍ പുതിനും, അബു മുഹമ്മദ് അല്‍ ജൊലാനി |ഫോട്ടോ:AP,AFP
ബാഷര്‍ അല്‍ അസദും വ്‌ളാദിമിര്‍ പുതിനും, അബു മുഹമ്മദ് അല്‍ ജൊലാനി |ഫോട്ടോ:AP,AFP

ഡമാസ്‌കസ്: വിമത അട്ടിമറിയെത്തുടര്‍ന്ന് ഞായറാഴ്ച സിറിയയില്‍നിന്നു കടന്ന പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് രാഷ്ട്രീയാഭയം നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാല്‍, അസദ് എവിടെയുണ്ടെന്ന് പെസ്‌കോവ് പറഞ്ഞില്ല.

അതേസമയം, റഷ്യയിലെ സിറിയന്‍ സ്ഥാനപതികാര്യാലയത്തില്‍ വിമതരുടെ പതാകയുയര്‍ത്തി. സിറിയയിലെ റഷ്യയുടെ സേനാതാവളത്തിന്റെ കാര്യം വിമതരുമായി ചര്‍ച്ചചെയ്യുമെന്ന് സര്‍ക്കാര്‍കേന്ദ്രങ്ങള്‍ അറിയിച്ചു. 2011 മുതല്‍ 2016വരെയുള്ള ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും അസദിന്റെ പ്രധാനസംരക്ഷകരായിരുന്നു റഷ്യ.

അസദിനെ വിമതര്‍ അട്ടിമറിച്ചെങ്കിലും സിറിയന്‍ സര്‍ക്കാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി തിങ്കളാഴ്ച പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് പലയാനം ചെയ്തവര്‍ സമാധാനമുള്ള ഭാവി പ്രതീക്ഷിച്ച് അയല്‍രാജ്യങ്ങളില്‍നിന്ന് സിറിയയിലേക്ക് തിരിച്ചെത്തിത്തുടങ്ങി.

വിമതമുന്നേറ്റം നടന്ന ഡമാസ്‌കസ് തിങ്കളാഴ്ച പൊതുവേ ശാന്തമായിരുന്നു. ഭൂരിഭാഗം കടകളും സര്‍ക്കാര്‍സ്ഥാപനങ്ങളും തുറന്നില്ല. കവലകളില്‍ ആളുകളുടെ ചെറുകൂട്ടങ്ങള്‍ അസദിന്റെ പതനം ആഘോഷിച്ചു. ഗാതാഗത തടസ്സമുണ്ടായിരുന്നില്ലെങ്കിലും പൊതുഗാതഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ചിലയിടങ്ങളില്‍ ആയുധമേന്തിയ സംഘങ്ങള്‍ തെരുവുകളില്‍ നിലയുറപ്പിച്ചിരുന്നു.

അതിനിടെ, അസദിന്റെ സഹോദരനും സൈന്യത്തിന്റെ നാലാം ആര്‍മേഡ് ഡിവിഷന്റെ തലവനുമായ മഹെറിന്റെ സഹായി മേജര്‍ ജനറല്‍ അലി മഹ്‌മൂദിന്റെ മൃതദേഹം ഡമാസ്‌കസിലെ ഓഫീസില്‍ കണ്ടെത്തി. മഹ്‌മൂദ് കൊല്ലപ്പെട്ടതാണോ ആത്മഹത്യചെയ്തതാണോ എന്നു വ്യക്തമല്ലെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. 2011-ല്‍ അസദിനെതിരേ ഉയര്‍ന്ന ബഹുജനപ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് മഹെര്‍.

അതേസമയം, അസദ് സര്‍ക്കാരിന്റെ രാസായുധങ്ങളും ദീര്‍ഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇവ തീവ്രവാദികളുടെ കൈയിലെത്താതിരിക്കാനാണ് ഇതു ചെയ്തതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിദയോന്‍ സാര്‍ പറഞ്ഞു. രാസായുധശേഖരം ഉപേക്ഷിക്കാമെന്ന് സിറിയ 2013-ല്‍ സമ്മതിച്ചിരുന്നു.

മന്‍ബിജ് പിടിച്ച് തുര്‍ക്കിസഖ്യം

അതിനിടെ സിറിയ പിടിച്ചെടുത്ത അഹമ്മദ് അല്‍ ഷരായുടെ (അബു മുഹമ്മദ് അല്‍ ജൊലാനി) നേതൃത്വത്തിലുള്ള വിമതസഖ്യത്തില്‍ അസ്വസ്ഥതകള്‍ നിഴലിട്ടുതുടങ്ങി. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസഖ്യമായ സിറിയന്‍ നാഷണല്‍ ആര്‍മി (എസ്.എന്‍.എ.) വടക്കന്‍ സിറിയയില്‍ കുര്‍ദ്‌സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മന്‍ബിജ് പിടിച്ചെടുത്തു. യു.എസിന്റെ പിന്തുണയുള്ള കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ കൈയിലുണ്ടായിരുന്ന പ്രദേശമാണ് മന്‍ബിജ്. കിഴക്കന്‍ സിറിയയിലെ അല്‍മിസ്ത്രിയില്‍ തുര്‍ക്കി ഡ്രോണാക്രമണം നടത്തിയെന്നും ആറു കുട്ടികളുള്‍പ്പെടെ 12 പേര്‍ മരിച്ചെന്നും എസ്.ഡി.എഫ്. പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് അസദിനെതിരേ പോരാടിയ വിമതസംഘങ്ങള്‍ക്കിടയില്‍ അദ്ദേഹം പുറത്തായശേഷവും ഭിന്നത നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയായാണ് എസ്.എന്‍.എ. മന്‍ബിജ് പിടിച്ചതിനെ കാണുന്നത്.

ഭരണമാറ്റം സുഗമമാക്കാന്‍ ശ്രമം

രാജ്യം സാധാരണനിലയിലാണെന്നും ഭരണമാറ്റം വേഗത്തിലും സുഗമമായും നടത്താനുള്ള പ്രവര്‍ത്തനത്തിലാണെന്നും പ്രധാനമന്ത്രി ജലാലി പറഞ്ഞു. സര്‍ക്കാര്‍ വിമതരുമായി സഹകരിക്കുന്നുണ്ടെന്നും എച്ച്.ടി.എസ്. തലവന്‍ അല്‍ ഷരായെ കാണാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അസദിനെ അട്ടിമറിച്ചശേഷം ഞായറാഴ്ച ഡമാസ്‌കസിലെ പള്ളിയില്‍ അല്‍ ഷരാ എത്തിയിരുന്നു. വിമതര്‍ ഡമാസ്‌കസ് കൈയടക്കിയതോടെ പല മന്ത്രിമാരും ഭൂരിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അപ്രത്യക്ഷരായിരിക്കുകയാണ്.

Content Highlights: Russia grants political asylum Bashar al-Assad-Turkey-backed forces seize Manbij-syria