പറന്നിറങ്ങിയ ഗ്ലൈഡ് ബോംബുകൾ, കത്തിയെരിഞ്ഞ് ബസുകൾ; യുക്രൈനിൽ റഷ്യയുടെ നരനായാട്ട്, 30 പേർ കൊല്ലപ്പെട്ടു

#ന്യൂസ് ഡെസ്ക്
റഷ്യന്‍ ആക്രമണത്തില്‍ കത്തിനശിച്ച യുക്രൈനിലെ ബസ്‌
റഷ്യന്‍ ആക്രമണത്തില്‍ കത്തിനശിച്ച യുക്രൈനിലെ ബസ്‌

കീവ്: യുക്രൈന്റെ കിഴക്കൻ നഗരമായ ക്രമാതോർക്കിൽ രണ്ട് സിവിലിയൻ ബസുകൾക്ക് നേരെ റഷ്യ നടത്തിയ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ക്രമാതോർക്കിന്റെ ഭാഗമായ ബിലെൻകെ ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

കൂടുതൽ പൗരന്മാരെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ യാത്രക്കാരുമായി പോയ ബസുകളെ റഷ്യ ലക്ഷ്യമിടുന്നുവെന്ന് യുക്രൈൻ അധികൃതർ കുറ്റപ്പെടുത്തി. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

യുക്രൈന്റെ വ്യാവസായിക മേഖലയായ ഡോൺബാസിനുമേലുള്ള അവകാശവാദത്തിന്റെ ഭാഗമായി റഷ്യ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന പ്രദേശങ്ങളുടെ ഭാഗമാണ് ക്രമാതോർക്കും അയൽനഗരമായ സ്ലോവ്യൻസ്‌കും.

'ഈ ആക്രമണത്തിന് ഞങ്ങളുടെ മറുപടി ഉണ്ടാകും' എന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 'റഷ്യ ഡോൺബാസിലെ എല്ലാ ജീവനെയും നശിപ്പിക്കാൻ ശ്രമിക്കുന്നു, ലോകം ഇതിനോട് പ്രതികരിക്കേണ്ടതുണ്ട്. കഠിനമായി പ്രതികരിക്കുക' സെലൻസ്കി പറഞ്ഞു. ഏറ്റവും പുതിയ ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Thirty people killed in a Russian glide bomb attack targeting civilian buses in Kramatorsk, Ukraine., Eighteen others sustained injuries in the Bilenke village strike., Ukrainian President Volodymyr Zelenskyy vowed a strong retaliation against the attack., Russia has not yet responded to the allegations regarding the strike in the Donbas region.