പശ്ചിമേഷ്യൻ യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ റഷ്യ; 'ഡൂംസ്ഡേ' വിമാനം അയച്ചു, നിർണായക നീക്കം

#ന്യൂസ് ഡെസ്ക്
Video Grab Image from youtube Video of Airborne Cinematics
Video Grab Image from youtube Video of Airborne Cinematics

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, റഷ്യ തങ്ങളുടെ അത്യാധുനികമായ 'ഡൂംസ്ഡേ' വിമാനം ഇറാനിലേക്ക് അയച്ചു. റഷ്യൻ സർക്കാരിന്റെ പറക്കുന്ന കമാൻഡ് പോസ്റ്റ് ആയി അറിയപ്പെടുന്ന ടുപോളേവ് ടി.യു-214പി.യു (Tupolev Tu-214PU) ആണ് ടെഹ്റാനിൽ എത്തിയത്. റഷ്യയുടെ അതീവ സുരക്ഷിതമായ വാർത്താവിനിമയ സംവിധാനങ്ങളും കമാൻഡ്-ആൻഡ്-കൺട്രോൾ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള വിമാനമാണിത്.

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും സങ്കീർണമായ പശ്ചാത്തലത്തിലാണ് റഷ്യയുടെ നേരിട്ടുള്ള ഇടപെടൽ എന്നതാണ് ശ്രദ്ധേയം. ഇതുവരെ പരോക്ഷമായ സഹായങ്ങൾ നൽകുന്നുവെന്ന ആരോപണങ്ങൾ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉയർത്തിയിരുന്നു. ഇപ്പോൾ പ്രത്യക്ഷത്തിൽ യുദ്ധത്തിൽ റഷ്യ നേരിട്ട് ഇടപെടുന്നതിന് തുല്യമാണ് പുതിയ നീക്കം.

സാധാരണ യാത്രാവിമാനങ്ങളിൽനിന്ന് വ്യത്യസ്തമായി, യുദ്ധം പോലുള്ള അതീവ ഗുരുതരമായ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത രീതിയിൽ സൈനിക സംവിധാനങ്ങളുമായുള്ള കമാൻഡ് ഉറപ്പാക്കാൻ ഇതിന് സാധിക്കും. ഒരു സാധാരണ യാത്രാവിമാനമായ Tu-214 നെ അടിമുടി പരിഷ്കരിച്ച് ഒരു "പറക്കുന്ന കമാൻഡ് സെന്റർ" (Airborne Command Post) ആക്കി മാറ്റിയിരിക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നത്. 

എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങളും സുരക്ഷിത ഡാറ്റാ ലിങ്കുകളുമാണ് ടുപോളോവിന്റെ പ്രത്യേകത. ശത്രുക്കളുടെ ഭീഷണികൾക്കിടയിലും ഭരണാധികാരികൾക്കും സൈനിക മേധാവികൾക്കും യുദ്ധതന്ത്രങ്ങൾ ഏകോപിപ്പിക്കാൻ ഈ വിമാനം സഹായിക്കും.

ഇതിലെ 'PU' എന്ന ചുരുക്കപ്പേര് റഷ്യൻ ഭാഷയിലെ 'Punkt Upravleniya' (കൺട്രോൾ പോയിന്റ് അല്ലെങ്കിൽ കമാൻഡ് പോസ്റ്റ്) എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു അടിയന്തിര സാഹചര്യമോ യുദ്ധമോ ഉണ്ടായാൽ റഷ്യൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്ക് ആകാശത്തിരുന്നുകൊണ്ടുതന്നെ രാജ്യത്തെയും സൈന്യത്തെയും നിയന്ത്രിക്കാൻ ഈ വിമാനം സഹായിക്കും. അതിനാലാണ് പലപ്പോഴും ഇതിനെ റഷ്യയുടെ "ഡൂംസ്ഡേ വിമാനം" (Doomsday Plane) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. 

ആണവാക്രമണം പോലുള്ള അതീവ ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളിൽപോലും ആകാശത്തുനിന്ന് സൈന്യത്തിന് നേരിട്ട് നിർദ്ദേശങ്ങൾ നൽകാൻ ഈ വിമാനത്തിലെ സംവിധാനങ്ങൾ ഉപയോഗിച്ച് സാധിക്കും. 

റഷ്യൻ പ്രസിഡന്റിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യാത്രകൾ നിയന്ത്രിക്കുന്ന 'റോസിയ സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രൺ' (Rossiya Special Flight Squadron) ആണ് ഈ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നത്. രണ്ട് PS-90A ടർബോഫാൻ എൻജിനുകളുള്ള ഈ വിമാനത്തിന് ഏകദേശം 6,500 കിലോമീറ്റർ വരെ ദൂരം ഒറ്റയടിക്ക് പറക്കാൻ സാധിക്കും. മണിക്കൂറിൽ 850 കിലോമീറ്ററാണ് ഇതിന്റെ ശരാശരി വേഗത.

തുടർച്ചയായ സുരക്ഷാ നിരീക്ഷണങ്ങൾക്കും സൈനിക മേധാവികളുടെ സുരക്ഷിത യാത്രകൾക്കും തന്ത്രപ്രധാനമായ നയതന്ത്ര ദൗത്യങ്ങൾക്കുമായി വിരലിലെണ്ണക്കാവുന്ന Tu-214PU വിമാനങ്ങൾ മാത്രമാണ് റഷ്യ നിർമ്മിച്ചിട്ടുള്ളത്. അത്രയും നിർണായകമായ വിമാനമാണ് ഇപ്പോൾ റഷ്യ ഇറാനിലേക്ക് അയച്ചിരിക്കുന്നത്. 

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ വിന്യാസം. ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം ശക്തമാക്കുകയും ഇറാൻ ശക്തമായ തിരിച്ചടിക്ക് തയാറെടുക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ റഷ്യൻ വിമാനം എത്തിയത് ഭൗമരാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. യുക്രൈൻ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെയുള്ള ആക്രമണങ്ങൾക്ക് അമേരിക്ക യുക്രൈനെ സഹായിക്കുന്നതിനുള്ള തിരിച്ചടിയായാണ് റഷ്യയുടെ ഈ നീക്കം വിലയിരുത്തുന്നത്. റഷ്യയും ഇറാനും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ഇടപെടലിന്റെ ഭാഗമാണിതെന്നും സൈനിക-സാങ്കേതിക സഹകരണം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും മിസൈൽ കേന്ദ്രങ്ങൾക്കും നേരെ യുഎസ് പുതിയ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന് പ്രതികാരമായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. ഈ സംഘർഷങ്ങൾക്കിടയിലാണ് റഷ്യ തങ്ങളുടെ 'ഡൂംസ്ഡേ' വിമാനവുമായി ഇറാനെ സഹായിക്കാൻ എത്തിയിരിക്കുന്നത്.

Content Highlights: Deployment of Russia's Tupolev Tu-214PU 'Doomsday' aircraft to Tehran., The plane functions as a secure flying command-and-control center., Direct Russian intervention amid US-Iran tensions in the Persian Gulf., Strategic implications for regional military coordination and intelligence sharing., Escalation of the ongoing conflict between US forces and Iranian military assets.