വിശ്വാസി എറിഞ്ഞ ജപമാല മാർപ്പാപ്പയുടെ കണ്ണിൽക്കൊണ്ടു; എറിഞ്ഞ ആളോട് ക്ഷമിച്ചെന്ന് പോപ്പ് | VIDEO

#ന്യൂസ് ഡെസ്ക്
വിശ്വാസി എറിഞ്ഞ ജപമാല ലിയോ പതിന്നാലാമൻ മാർപാപ്പയുടെ കണ്ണിൽക്കൊള്ളുന്നു, വേദനകൊണ്ട് മുഖം ചുളിക്കുന്ന പാപ്പ | Photo: AFP
വിശ്വാസി എറിഞ്ഞ ജപമാല ലിയോ പതിന്നാലാമൻ മാർപാപ്പയുടെ കണ്ണിൽക്കൊള്ളുന്നു, വേദനകൊണ്ട് മുഖം ചുളിക്കുന്ന പാപ്പ | Photo: AFP

ലിമ: പെറുവിൽ വിശ്വാസികളെ അഭിവാദ്യംചെയ്ത് സഞ്ചരിക്കുന്നതിനിടെ ഒരാൾ എറിഞ്ഞ ജപമാല ലിയോ പതിന്നാലാമൻ മാർപാപ്പയുടെ കണ്ണിൽക്കൊണ്ടു. തിങ്കളാഴ്ച ലിമയിലെ വ്യോമതാവളത്തിൽ കുർബാനയ്ക്കായി തടിച്ചുകൂടിയ 15 ലക്ഷത്തോളം വിശ്വാസികളെ അഭിവാദ്യംചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ജപമാല കണ്ണിൽ തട്ടിയതോടെ പാപ്പ വേദനകൊണ്ട് മുഖം ചുളിക്കുകയും കണ്ണിൽ കൈവെക്കുകയും ചെയ്തെങ്കിലും ചടങ്ങുകൾ തടസ്സപ്പെടുത്താതെ അദ്ദേഹം മുന്നോട്ടുപോയി. സംഭവത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി റിപ്പോർട്ടില്ല.

റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പാപ്പ ഇതേക്കുറിച്ച് പ്രതികരിച്ചത്. ജപമാല എറിഞ്ഞയാളോട് തനിക്ക് വിരോധമില്ലെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നതായും പറഞ്ഞു. അത് ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രകടനമായാണ് കാണുന്നതെന്നും അറിയിച്ചു. “വിശ്വാസത്തോടെ ജപമാല സമർപ്പിക്കാൻ ആഗ്രഹിച്ച ഒരാളുടെ പ്രവൃത്തിയാണത്. ചില കാര്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കാനുള്ളതാണ്, ചിലപ്പോൾ കണ്ണിലും” എന്നായിരുന്നു പാപ്പയുടെ തമാശകലർന്ന പ്രതികരണം.

ജപമാലകളും കളിപ്പാട്ടങ്ങളും ജേഴ്‌സികളുമെല്ലാം മാർപാപ്പയ്ക്കുനേരേ എറിയുന്നത് പതിവാണെങ്കിലും ഇത്തരം പ്രവൃത്തികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പെറുവിൽ രണ്ടുപതിറ്റാണ്ടോളം ജീവിച്ചിട്ടുള്ള മാർപാപ്പയ്ക്ക് രാജ്യത്തോടും അവിടത്തെ ജനങ്ങളോടും പ്രത്യേക അടുപ്പമുണ്ട്.

Content Highlights: Pope Leo XIV was hit in the eye by a rosary tossed from the crowd while greeting 1.5 million devotees at a Mass in Lima, Peru; he continued the event uninjured and later forgave the devotee.