റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ്, പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കും

കൊളംബോ: സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയും ജനങ്ങളുടെ പ്രക്ഷോഭവും രൂക്ഷമായി തുടരുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടു. 225 അംഗ പാര്‍ലമെന്റില്‍ 134 പേരുടെ പിന്തുണയോടെയാണ് വിക്രമസിംഗെ അധികാരത്തിലേക്ക് എത്തുന്നത്. മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ നാടുവിട്ടത് മുതല്‍ ആക്ടിങ് പ്രസിഡന്റിന്റെ ചുമതലവഹിച്ചു വരികയായിരുന്നു അദ്ദേഹം. മുഖ്യ എതിരാളിയായ ദല്ലാസ് അലഹപെരുമയ്ക്ക് 82 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇടതുപക്ഷ സ്ഥാനാര്‍ഥി അനുര ഡിസനായകെയ്ക്ക് മൂന്ന് വോട്ടുകള്‍ ലഭിച്ചു.
റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായിരിക്കെയാണ് ശ്രീലങ്കയില്‍ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തിന്റെ അവസ്ഥയ്ക്ക് പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് വിക്രമസിംഗെയുടെ രാജിയും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ അധികാരത്തിലെത്തിയ വിക്രമസിംഗെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്ത് പ്രക്ഷോഭം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പോലീസിനും സേനയ്ക്കും കൂടുതല്‍ അധികാരം നല്‍കികൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാണ് വിക്രമസിംഗെ ശ്രമിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രതിഷേധക്കാര്‍ കടന്നുകയറിയപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Content Highlights: ranil wickremesinghe, srilanka, president