24 മണിക്കൂർ നോൺസ്‌റ്റോപ് പറന്നു, താണ്ടിയത് 23,000 കി.മീ: ചരിത്രം കുറിച്ച് ക്വാണ്ടാസ് എയർലൈൻസ്

ടുളൂസ് (ഫ്രാൻസ്): ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നടത്തി ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് കമ്പനിയുടെ വിമാനം. പ്രത്യേകമായി മാറ്റങ്ങൾ വരുത്തിയ ഏയർബസ് എ 350 ആണ് 24 മണിക്കൂർ തുടർച്ചയായി പറന്ന് ചരിത്രംകുറിച്ചത്. ഓസ്ട്രേലിയയിലെ മെൽബണിൽനിന്ന് ഫ്രാൻസിലെ ടുളൂസിലേക്കായിരുന്നു യാത്ര.
2027-ഓടെ ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തുനിന്ന് ലണ്ടണിലേക്കും ന്യൂയോർക്കിലേക്കും നോൺസ്‌റ്റോപ് വിമാന സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന പ്രൊജക്ട് സൺറൈസ് പദ്ധതിയുടെ ഭാഗമായാണ് ചരിത്രയാത്ര നടത്തിയത്. ക്വാണ്ടാസ് എയർലൈനിന്റെ ദീർഘകാലമായുള്ള പദ്ധതിയാണിത്.
മെൽബണിൽനിന്ന് ജൂലൈ 27-ന് പ്രാദേശികസമയം വൈകീട്ട് 5.27-ന് പുറപ്പെട്ട വിമാനം ടുളൂസിലുള്ള എയർബസ് ആസ്ഥാനത്ത് ജൂലൈ 28 പ്രാദേശികസമയം 9.52-ന് നിലത്തിറക്കി. ട്രാക്കിങ് വിവരപ്രകാരം അപ്പോഴേക്കും വിമാനം 24 മണിക്കൂർ 24 മിനിറ്റ് തുടർച്ചയായി സഞ്ചരിച്ചിരുന്നു. പസഫിക് സമുദ്രത്തിനു മുകളിലൂടെ, അമേരിക്കയും കാനഡയും കടന്ന് അറ്റ്‌ലാന്റിക്കിന് കുറുകെ, തെക്കൻ ഫ്രാൻസിൽ നിലത്തിറങ്ങുമ്പോഴേക്കും വിമാനം 23,075 കിലോമീറ്റർ താണ്ടിയിരുന്നു.
പസഫിക്ക് മുകളിലൂടെ അമേരിക്കയും കാനഡയും പിന്നെ അറ്റ്‌ലാന്റിക്കിനും മുകളിലൂടെ ടുളൂസിൽ ലാൻഡ് ചെയ്യുന്നതിനിടെ മൂന്ന് ഭൂഖണ്ഡങ്ങളും രണ്ട് സമുദ്രങ്ങളും രണ്ട് സൂര്യാസ്തമയവും രണ്ട് സൂര്യോദയവും പിന്നിട്ടായിരുന്നു ആ ചരിത്രയാത്ര.
2005-ൽ 22 മണിക്കൂർ 42 മിനുട്ട് സഞ്ചരിച്ച് ഹോങ്‌കോങ്ങിൽനിന്ന് ലണ്ടനിലേക്ക് പരീക്ഷണാർഥം പറന്ന ബോയിങ് 777-200 എൽ ആർ വിമാനത്തിന്റെ റെക്കോർഡ് ആണ് പഴങ്കഥയായയത്. ലാൻഡിങ് സമയത്ത് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ആളുകൾ ‘ഫ്‌ളൈറ്റ് റഡാർ 24’ വെബ്‌സൈറ്റിലൂടെ വിമാനത്തെ തത്സമയം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഫ്‌ളൈറ്റ് റഡാർ 24-ന്റെ കണക്കുപ്രകാരം 3.6 മില്ല്യൺ ആളുകൾ ട്രാക്ക് ചെയ്ത ഈ യാത്ര ഏറ്റവും കൂടുതൽ പേർ ട്രാക്ക് ചെയ്ത രണ്ടാമത്തെ യാത്രയാണ്. എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചമേറ്റിയ വിമാനമാണ് ഏറ്റവും കൂടൂതൽ പേർ ട്രാക്ക് ചെയ്ത വിമാനം.
ദീർഘദൂര യാത്രകൾക്കായി 20,000 ലിറ്ററിലധികം ഇന്ധനം നിറയ്ക്കാവുന്ന രീതിയിൽ പ്രത്യേകം രൂപമാറ്റം വരുത്തിയ എയർബസ് എ 350-1000 യുഎൽആർ (അൾട്രാ ലോങ് റേഞ്ച്) വിമാനമാണ് യാത്രനടത്തിയത്. രണ്ട് മാസത്തെ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജൂൺമുതൽ വിമാനം പരീക്ഷിച്ചുവരികയായിരുന്നു.
ഒരാഴ്ച മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ മെൽബണിൽ നിന്നും ടുളൂസിലേക്ക് പരീക്ഷണാർഥം 19 മണിക്കൂർ ഈ വിമാനം പറന്നിരുന്നു.
പരിഷ്‌കരിച്ച ഇന്ധനസംവിധാനം, കാബിനിലെ ശബ്ദനില, വായുസഞ്ചാരം തുടങ്ങിയ സംവിധാനങ്ങളെല്ലാം എഞ്ചിനീയർമാർ പുതിയ ദൗത്യത്തിൽ വിലയിരുത്തി. എട്ട് എയർബസ് ടെസ്റ്റ് ക്രൂ അംഗങ്ങളും രണ്ട് ക്വാണ്ടാസ് പൈലറ്റുമാരും രണ്ട് എയർബസ് എഞ്ചിനീയർമാരുമുൾപ്പെടെ പന്ത്രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രൊജക്ട് സൺറൈസിനു വേണ്ടി പന്ത്രണ്ട് എ350-1000 യുഎൽആർ വിമാനങ്ങളാണ് ക്വണ്ടാസ് വാങ്ങുന്നത്. എ350-1000 വിമാനത്തെക്കാൾ കൂടുതൽ ഇന്ധനം വഹിക്കാനാകുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത. 20 മണിക്കൂറിലധികം തുടർച്ചയായി പറക്കാനാകും. ദീർഘയാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ പ്രത്യേക വെൽനെസ് സോൺ, വിശാല കാബിൻ, മെച്ചപ്പെട്ട വായുസഞ്ചാര സംവിധാനം തുടങ്ങി പല സവിശേഷതകളുമുണ്ട്.
ഓരോ വിമാനവും സിഡ്‌നിയിൽനിന്ന് ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് 238 യാത്രക്കാരുമായി പറക്കും. കാലാവസ്ഥക്കനുസരിച്ച് 19 മുതൽ 21 മണിക്കൂർ വരെ സമയമെടുക്കും. 2027 ഏപ്രിൽ മുതൽ സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 ഒക്ടോബർ മുതൽ സിഡ്‌നിയിൽനിന്നും ലണ്ടണിലേക്ക് ദിവസേനയുള്ള സർവീസും ആരംഭിക്കും.
നിലവിൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നോൺസ്‌റ്റോപ്പ് വാണിജ്യ വിമാന സർവീസ് സിങ്കപ്പൂർ എയർലൈൻസിന്റെ ന്യൂയോർക്ക്-സിങ്കപ്പൂർ ആണ്. 18 മണിക്കൂർ 40 മിനിറ്റിൽ 15332 കിലോമീറ്ററാണ് താണ്ടുക.
Content Highlights: Qantas completed a record-breaking 24-hour, 24-minute non-stop test flight from Melbourne to Toulouse., The mission utilized a specially modified Airbus A350-1000 ULR to test capabilities for Project Sunrise., Project Sunrise aims to launch direct flights from Sydney to London and New York by 2027., The aircraft features enhanced fuel capacity, wellness zones, and improved cabin air circulation for long-duration comfort., The flight covered 23,075 kilometers, surpassing previous long-haul aviation records.