നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കാൻ രഹസ്യ പദ്ധതിക്ക് പുതിന്റെ നിർദേശം

#ന്യൂസ് ഡെസ്ക്
റഷ്യന്‍ പ്രസിഡന്റ് വാളിദിമിര്‍ പുതിന്‍ |ഫോട്ടോ:AFP
റഷ്യന്‍ പ്രസിഡന്റ് വാളിദിമിര്‍ പുതിന്‍ |ഫോട്ടോ:AFP

മോസ്‌കോ: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന ലക്ഷ്യത്തോടെ നീക്കങ്ങൾ നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ സൈന്യത്തോടും ഹസ്യാന്വേഷണ ഏജൻസികളോടും നിർദേശിച്ചതായി റിപ്പോർട്ട്. 2025-ൽ ഡിസംബറിൽ നടന്ന ഒരു രഹസ്യയോഗത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലക്ഷ്യം നേടാനായി റഷ്യ ഒരു ഇരട്ട തന്ത്രമാണ് രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നാറ്റോ കൂട്ടായ്മയുടെ പ്രതിരോധ പ്രതിബദ്ധതകൾ പരീക്ഷിക്കുന്നതോടൊപ്പം മോൾഡോവയെ രാഷ്ട്രീയമായും ഭൗതികമായും അസ്ഥിരപ്പെടുത്തുക എന്നതാണ് പദ്ധതി.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സൈബർ ആക്രമണങ്ങളും അടിസ്ഥാന സൗകര്യ അട്ടിമറികളും മുതൽ സായുധ സംഘങ്ങളെ ഉപയോഗിച്ച് നാറ്റോയുടെ കിഴക്കൻ അതിർത്തിയിലൂടെ  നുഴഞ്ഞുകയറ്റങ്ങൾ വരെ ഉണ്ടായേക്കാമെന്ന് യുഎസ് രഹസ്യന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. നാറ്റോയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് തുനിയാതെ, യൂറോപ്പിനെ കൂടുതൽ അസ്ഥിരപ്പെടുത്താൻ മോൾഡോവയെ ആയുധമാക്കാനാണ് റഷ്യ നീക്കം നടത്തുന്നത്.

യുക്രൈൻ പിടിച്ചെടുക്കുന്നതാണ് പുതിന്റെ പ്രധാന ലക്ഷ്യം. രണ്ടാമത്തെ ലക്ഷ്യമാണ് മോൾഡോവയുടെ മേലുള്ള നിയന്ത്രണം. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് മോൾഡോവയിലേക്ക് നേരിട്ടുള്ള കരപാത നിർമിക്കുന്നതിനായി തെക്കൻ യുക്രൈൻ പിടിച്ചെടുക്കുന്നത് പുതിന്റെ ദീർഘകാല പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുക്രൈനും നാറ്റോ അംഗരാജ്യമായ റൊമാനിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന 24 ലക്ഷം ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് മോൾഡോവ.

മോൾഡോവയ്ക്കുള്ളിലെ വിഘടനവാദി പ്രദേശമായ ട്രാൻസ്‌നിസ്ട്രിയയിൽ ദശാബ്ദങ്ങളായി റഷ്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഈ സാന്നിധ്യം തലസ്ഥാനമായ ചിസിനാവിലേക്ക് (Chisinau) വളരെ എളുപ്പത്തിൽ ആക്രമണം നടത്താൻ റഷ്യയെ സഹായിക്കും. ഇതിനെ എളുപ്പമാക്കാനായാണ് യുക്രൈന്റെ തെക്കൻ ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള പദ്ധതി റഷ്യ തയ്യാറാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

യുക്രൈന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയോട് ചേർന്നാണ് മോൾഡോവ സ്ഥിതിചെയ്യുന്നത്. മോൾഡോവയിൽ നിയന്ത്രണം ലഭിച്ചാൽ യുക്രൈനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ഒഡെസയെ പുറകിലൂടെ ആക്രമിക്കാനും വളയാനും റഷ്യക്ക് എളുപ്പമാകും.

നാറ്റോ അംഗരാജ്യമായ റൊമാനിയയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് മോൾഡോവ. റഷ്യ അവിടെ സ്വാധീനം ഉറപ്പിച്ചാൽ നാറ്റോയുടെ കിഴക്കൻ അതിർത്തിയിലേക്ക് നേരിട്ട് സൈനിക സാന്നിധ്യം വ്യാപിപ്പിക്കാനും റഷ്യക്ക് കഴിയും. 

Content Highlights: Russian President Vladimir Putin ordered military and intelligence agencies to undermine NATO and the EU., A dual strategy involves testing NATO's defense commitments while destabilizing Moldova., Potential tactics include cyberattacks, infrastructure sabotage, and proxy infiltrations., Controlling southern Ukraine to create a land bridge to Moldova is part of the long-term plan.