അജിത് ഡോവല്‍ മോസ്‌കോയില്‍; പുതിനുമായി കൂടിക്കാഴ്ച നടത്തി

മോസ്‌കോ: റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന്റെപേരിൽ ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റഷ്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ടുകൾ. അതേസമയം തീയതിയായിട്ടില്ല. ചൊവ്വാഴ്ച റഷ്യയിലെത്തിയ ഡോവൽ വ്യാഴാഴ്ച പുതിനുമായി കൂടിക്കാഴ്ച നടത്തി.
റഷ്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയി ഷൊയിഗുവുമായും ഡോവൽ ചർച്ചനടത്തി. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതായിരിക്കും പുതിന്റെ സന്ദർശനമെന്ന് അജിത് ഡോവലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾ ചർച്ചനടത്തി.
ട്രംപ്-പുതിൻ കൂടിക്കാഴ്ച ഉടൻ
വാഷിങ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ യുഎസിന്റെ സമ്മർദം മുറുകുന്ന പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു.
യുഎഇയിൽവെച്ച് ട്രംപിനെക്കാണാൻ സാധിക്കുമെന്ന് പുതിൻ അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് പ്രതികരണം. കൂടിക്കാഴ്ച അടുത്തയാഴ്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. യുക്രൈൻ യുദ്ധത്തിന്റെ പേരിൽ അന്താരാഷ്ട്രനീതിന്യായകോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാൽ പുതിൻ വിദേശസന്ദർശനം അധികം നടത്താറില്ല.
റഷ്യക്കുമേൽ സമ്മർദം ചെലുത്താൻ അവരുടെ വ്യാപാരപങ്കാളിക്കൾക്കെതിരേ അധികതീരുവ, സാമ്പത്തിക ഉപരോധം തുടങ്ങിയ കടുത്ത നടപടികളിലേക്ക് യുഎസ് നീങ്ങുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് കൂടിക്കാഴ്ച.
Content Highlights: Ajit Doval meets Putin in Moscow day after Trump doubles tariff on India