പാകിസ്താനിൽ വായുമലിനീകരണം ഗുരുതരനിലയിൽ; AQI 2000-ന് മുകളിൽ, സ്‌കൂളുകളും പാര്‍ക്കുകളും അടച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുള്‍ട്ടാന്‍: വായുമലിനീകരണ തോത് അതീവ ഗുരുതരമായ അവസ്ഥയിലേക്കെത്തിയതോടെ പാര്‍ക്കുകളും സ്‌കൂളുകളും അടച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ. സൗത്ത് പഞ്ചാബിലെ വായു ഗുണനിലാവര സൂചിക (എ.ക്യു.ഐ) വെള്ളിയാഴ്ച 2000-ന് മുകളിലത്തിയതോടെയാണ് സർക്കാർ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

വെള്ളിയാഴ്ച മുതലാണ് പാര്‍ക്കുകളും സ്‌കൂളുകളും അടച്ചുള്ള നിയന്ത്രണം നിലിവില്‍ വന്നത്. ലാഹോര്‍, ഗുജ്‌റന്‍വാല, ഫൈസലാബാദ്, മുള്‍ട്ടാന്‍, ഷെയ്ഖ്പുര, കാസുര്‍, നന്‍കന സാഹിബ്, ഗുജ്‌റാത്ത്, ഫസിയാബാദ്, മന്തി ബഹായുദ്ദീന്‍, സിയാല്‍കോട്ട്, നരോവാല്‍ തുടങ്ങിയ ജില്ലകളിലെല്ലാം നിയന്ത്രണമുണ്ട്. സ്വിസ് എയര്‍ക്വാളിറ്റി മോണിറ്റര്‍ പ്രകാരം 2135 ആണ് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഒമ്പത് വരെയുള്ള മുള്‍ട്ടാനില വായുഗുണനിലവാര കണക്ക്. 

ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ വായുമലിനീകരണ തോതും അതീവഗുരുതരമായിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും വ്യക്തമാക്കിയിരുന്നു. ഇത് കൂടുതൽ ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഡല്‍ഹി നഗരത്തിന്റെ വിവിധയിടങ്ങളില്‍ വായുഗുണനിലവാര സൂചിക 364-ലേക്കെത്തിയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 301 മുതല്‍ 400 വരെ ഏറ്റവും ഗുരുതര വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ  ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍ എന്നിവിടങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്.

Content Highlights: Punjab closes parks schools due to pakistan air pollution