‘കശ്മീരികൾക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല’; ഖ്വാജ ആസിഫിനെതിരെ PoK പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ജനകീയ പ്രക്ഷോഭത്തിനിടയിൽ പാക് സർക്കാരും പാക് അധീന കശ്മീർ ഭരണകൂടവും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത രൂക്ഷമാകുന്നു. റാവലക്കോട്ടിലെ ജനങ്ങളുടെ കശ്മീരി സ്വത്വത്തെ ചോദ്യം ചെയ്തുകൊണ്ട് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി പാക് അധീന കശ്മീർ പ്രധാനമന്ത്രി ഫൈസൽ മുംതാസ് റാത്തോർ രംഗത്തെത്തി. ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വത്വം തെളിയിക്കാൻ ഖ്വാജ ആസിഫിന്റെയോ മറ്റാരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ റാത്തോർ വ്യക്തമാക്കി. ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിക്കാനാണ് പാക് മന്ത്രി ശ്രമിക്കുന്നതെന്നും റാത്തോർ ആരോപിച്ചു.
പാക് അധീന കശ്മീരിലെ റാവലക്കോട്ടിലെയും മിർപൂരിലെയും താമസക്കാർ യഥാർഥ കശ്മീരികളല്ല എന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഖ്വാജ ആസിഫ് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പാക് ഭരണകൂടത്തിനും പാക് അധീന കശ്മീർ ഭരണകൂടത്തിനുമെതിരെ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാവലക്കോട്ടിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നു വരുന്നതിനിടെയായിരുന്നു ആസിഫിന്റെ പരാമർശം. കുതിച്ചുയരുന്ന പണപ്പെരുപ്പം, ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കൽ എന്നിവയ്‌ക്കെതിരെ ജനങ്ങൾ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.
തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി ഖ്വാജ ആസിഫ് രംഗത്തെത്തി. ജനനം കൊണ്ടല്ല, പതിറ്റാണ്ടുകൾ നീണ്ട പോരാട്ടവും ത്യാഗവുമാണ് കശ്മീരി സ്വത്വം നിർണയിക്കുന്നതെന്നാണ് അദ്ദേഹം നിലപാട് തിരുത്തിയത്. മാത്രമല്ല, പാക് അധീന കശ്മീരിലെ ഭരണപരമായ പരാജയങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ വാദത്തെ ന്യായീകരിക്കുകയും ചെയ്തു.
എന്നാൽ പ്രസ്താവനയ്ക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിരോധ മന്ത്രി ശ്രമിക്കുന്നതെന്ന് റാത്തോർ കുറ്റപ്പെടുത്തി. ‘പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയർന്നപ്പോൾ, ഇപ്പോൾ ഭരണകൂടത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഒളിച്ചോടാൻ ശ്രമിക്കുകയാണ്. ഞങ്ങളെത്ര മികച്ച രീതിയിലാണ് ഭരിക്കുന്നതെന്ന് താങ്കളുടെ മേലുദ്യോഗസ്ഥരോട് ചോദിച്ചാൽ അവർ പറഞ്ഞുതരും. പ്രതിരോധ മന്ത്രി വിഷയത്തിൽ നേരിട്ട് മാപ്പ് പറയണമെന്നും വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.