പ്രതിഷേധം തടയാൻ കടുത്തനിയന്ത്രണങ്ങൾ; പാക് അധിനിവേശ കശ്മീരിൽ തകർന്നടിഞ്ഞ് ജനജീവിതം, ജനങ്ങൾ പട്ടിണിയിൽ

#ന്യൂസ് ഡെസ്ക്
ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കാനായി തെരുവിലിറങ്ങിയ ജനങ്ങൾ
ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കാനായി തെരുവിലിറങ്ങിയ ജനങ്ങൾ

മുസഫറാബാദ്: പാക് അധിനിവേശ കശ്മീരിൽ ജനജീവിതം ദുസ്സഹമാക്കി ഭക്ഷ്യ-മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. പാകിസ്താൻ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധത്തെയും വിവേചനപരമായ നയങ്ങളെയും തുടർന്ന് മേഖലയിൽ ശക്തമായ ജനകീയ പ്രക്ഷോഭമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പാക് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ ഇതുവരെ കുറഞ്ഞത് 58 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താൻ ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

തകർന്നടിഞ്ഞ് ജനജീവിതം; ജനങ്ങൾ പട്ടിണിയിൽ

പ്രദേശത്ത് അവശ്യസാധനങ്ങളുടെ വിതരണം പൂർണമായും നിലച്ചിരിക്കുന്നു. വിപണികൾ അടഞ്ഞുകിടക്കുന്നതിനാൽ ഭക്ഷണസാധനങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. റേഷൻ ഡിപ്പോകളിൽ പണമടച്ചിട്ട് ആഴ്ചകളായിട്ടും ഗോതമ്പ് പൊടി ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ലഭ്യമായ കുറഞ്ഞ സാധനങ്ങൾക്ക് വിപണിയിൽ അമിതവിലയാണ് ഈടാക്കുന്നത്. ഇതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.

ഭക്ഷണത്തിന് പുറമെ ജീവൻരക്ഷാ മരുന്നുകളുടെ ദൗർലഭ്യവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. മുസഫറാബാദ് പോലുള്ള പ്രധാന നഗരങ്ങളിൽ പോലും ഫാർമസികൾ അടഞ്ഞുകിടക്കുകയാണ്. ആശുപത്രികളിൽ ചികിത്സയിലുള്ളവർക്കും ഗർഭിണികൾക്കുമടക്കം മരുന്നുകൾ എത്തിക്കാൻ സാധിക്കാത്തത് വലിയ ആരോഗ്യ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

പെട്രോൾ പമ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ പ്രദേശത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അത്യാവശ്യ ഘട്ടങ്ങളിൽ വാഹനങ്ങൾ ഓടിക്കാൻ ജനങ്ങൾ കരിഞ്ചന്തയിൽനിന്ന് അമിതവിലയ്ക്കാണ് ഇന്ധനം വാങ്ങുന്നത്. അവശ്യസാധനങ്ങൾ വാങ്ങാൻ വേണ്ടി ദൂരെയുള്ള പാക് നഗരങ്ങളിലേക്ക് പോകുന്നവരെ ചെക്ക്പോസ്റ്റുകളിൽ വെച്ച് പോലീസ് തടയുന്നതായും, ഇത്തരത്തിൽ വാങ്ങിക്കൊണ്ടുവരുന്ന ഭക്ഷണവും മരുന്നും ഇന്ധനവും വഴിയിൽ ഉപേക്ഷിക്കാൻ പോലീസ് ജനങ്ങളെ നിർബന്ധിക്കുന്നതായും ആക്ഷേപമുണ്ട്.

അതിർത്തികളിൽ അവശ്യസാധനങ്ങളുമായി വരുന്ന ട്രക്കുകൾ ദിവസങ്ങളോളം തടഞ്ഞിട്ടിരിക്കുന്നതിനാൽ പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചുപോവുകയാണ്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളിലെ തടസ്സങ്ങളും വ്യാപാര സ്ഥാപനങ്ങളുടെ പണിമുടക്കും ജനജീവിതത്തെ കൂടുതൽ സ്തംഭിപ്പിച്ചിരിക്കുന്നു.

എന്താണ് പ്രതിഷേധത്തിന് കാരണം?

പാക് ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെയും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ കൃത്രിമങ്ങൾക്കെതിരെയുമാണ് അവിടുത്തെ ജനങ്ങൾ പ്രധാനമായും പ്രതിഷേധിക്കുന്നത്. നിയമസഭാ സീറ്റുകളെ ചൊല്ലിയുള്ള തർക്കം, മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കാർ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെഎഎസി) നേതൃത്വത്തിലാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നത്. പാകിസ്താൻ ഭരണകൂടത്തിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെ ഇവർ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിവരുന്നു. എന്നാൽ, ഇതിനു മറുപടിയായി പാകിസ്താൻ സർക്കാർ ജെഎഎസിയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും പ്രതിഷേധക്കാർക്കെതിരെ ശക്തമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്തത്. ഈ ഭരണകൂട നടപടികൾ 58-ഓളം പേരുടെ മരണത്തിനിടയാക്കിയ വലിയ സംഘർഷങ്ങളിലേക്ക് വഴിമാറിയിരുന്നു.

ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾ തടയുന്നില്ലെന്ന്  പോലീസ് മേധാവിയും പൂഞ്ച്, മുസഫറാബാദ്, നീലം വാലി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ഔദ്യോഗികമായി അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഈ വാദങ്ങളെ പൂർണമായും തള്ളുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതിഷേധക്കാരെ ഒതുക്കാൻ ഇസ്ലാമാബാദ് ബോധപൂർവ്വം ചരക്കുനീക്കം തടസ്സപ്പെടുത്തുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കും ഉപരോധങ്ങൾക്കും മുന്നിൽ വഴങ്ങില്ലെന്ന പ്രഖ്യാപനവുമായി ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എഴുപതിനായിരത്തിലധികം ആളുകളാണ് റാവലക്കോട്ടിലെ സമരപ്പന്തലിൽ മാത്രം ഒത്തുകൂടിയത്. കുട്ടികളും സ്ത്രീകളും മുതിർന്നവരുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടുണ്ട്. പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കടുത്ത സമരമുറകളിലേക്ക് കടക്കുമെന്ന് ജെഎഎസി നേതാക്കൾ മുന്നറിയിപ്പ് നൽകി. റാവലക്കോട്ടിൽനിന്ന് ഭരണസിരാകേന്ദ്രമായ മുസഫറാബാദിലേക്ക് ഒരു ലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പിച്ച ലോങ്ങ് മാർച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം. ഇതോടെ പ്രവിശ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Content Highlights: Severe shortages of food, medicine, and fuel in PoK., 58 casualties reported in clashes between protesters and security forces., Joint Awami Action Committee (JAAC) leading the mass movement., Protesters demand an end to political interference and electoral manipulation., Over 70,000 people gathered in Rawalakot with plans for a long march to Muzaffarabad.