പോരാടാന്‍ തയ്യാറായിരുന്നു, പക്ഷെ ..; സിറിയയിലെ സര്‍ക്കാര്‍ വീണതിനുശേഷം ആദ്യ പ്രതികരണവുമായി അസദ്

1. ബാഷര്‍ അല്‍ അസദിന്റെ ചിത്രം കീറിയ നിലയില്‍. 2. വിമത പോരാളികള്‍ |Photo - AP, AFP
1. ബാഷര്‍ അല്‍ അസദിന്റെ ചിത്രം കീറിയ നിലയില്‍. 2. വിമത പോരാളികള്‍ |Photo - AP, AFP

മോസ്‌കോ: സിറിയയിലെ സര്‍ക്കാരിനെ വീഴ്ത്തി വിമതര്‍ ഭരണം പിടിച്ചതിനുപിന്നാലെ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിമതരോട് പോരാടാന്‍ തന്നെയായിരുന്നു തീരുമാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് താന്‍ സിറിയ വിട്ടതെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അസദ് നിഷേധിച്ചു. റഷ്യ തന്നെ ഒഴിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തന്നെ ഒഴിപ്പിച്ചത് എന്നാണ് വിശദീകരണം.

ഡിസംബര്‍ എട്ടിന് രാവിലെയാണ് ഡമാസ്‌കസ് വിട്ടത്. വിമതര്‍ ഡമാസ്‌കസിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ആയിരുന്നു ഇത്. ആദ്യം ലതാകിയ പ്രവിശ്യയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തിലേക്കാണ് മാറിയത്. അവിടെ തുടര്‍ന്നുകൊണ്ട് ചെറുത്തുനില്‍പ്പിന് ശ്രമിച്ചു. എന്നാല്‍ സൈനിക കേന്ദ്രത്തിനുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനുപിന്നാലെ തന്നെ റഷ്യയിലേക്ക് മാറ്റാന്‍ അവര്‍ തീരുമാനമെടുത്തു. രണ്ടു ഘട്ടത്തിലും അധികാരം ഒഴിയുന്നതിനെപ്പറ്റിയോ മറ്റൊരു രാജ്യത്ത് അഭയം തേടുന്നതിനെപ്പറ്റിയോ ചിന്തിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു അഭ്യര്‍ഥനയും ഒരു വ്യക്തിയോടോ സംവിധാനങ്ങളോടോ ഉന്നയിച്ചിട്ടുമില്ല. പോരാട്ടം തുടരാനാണ് ഉറച്ചിരുന്നതെന്നും രാജ്യംവിട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അസദ് അവകാശപ്പെടുന്നു.

സിറിയ വിടാനുള്ള തീരുമാനം അസദ് അതീവ രഹ്യമാക്കിവെച്ചിരുന്നുവെന്നും ഇതേക്കുറിച്ച് ആര്‍ക്കും യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് അസദ് സൈനിക മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്തുവെന്നും വിമതര്‍ക്കെതിരെ ചെറുത്തുനില്‍പ്പിന് ആഹ്വാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാജ്യംവിടുന്നതിനിടെ അസദ് 250 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (2082 കോടിരൂപ) മോസ്‌കോയിലേക്ക് കടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. രണ്ട് വര്‍ഷമെടുത്താണ് വന്‍തുക കടത്തിയതെന്നും തുക മോസ്‌കോയിലെത്തിച്ച് റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്നും ഫിനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ടു ചെയ്തത്. അസദിന്റെ ബന്ധുക്കള്‍ ഈ കാലഘട്ടത്തിനിടെ റഷ്യയില്‍ വന്‍തോതില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് അസദിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിട്ടുള്ളത്.
 

Content Highlights: planned to keep fighting but russians evacuated says ousted syrian leader assad