പെഷാവര്‍ സ്‌ഫോടനം; പൊട്ടിത്തെറിച്ച ചാവേറിന്റെ തല കണ്ടെത്തി, വിശദമായ അന്വേഷണത്തിന് പോലീസ്

സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളിക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു| Photo: AFP
സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളിക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു| Photo: AFP

പെഷാവര്‍: പാക് നഗരമായ പെഷാവാറിലെ പള്ളിയില്‍ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിന് കാരണക്കാരനായ താലിബാന്‍ ചാവേറിന്റെ അറ്റുപോയ തല കണ്ടെടുത്തു. ചാവേറായി പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്നയാളുടെ തല, അറ്റുപോയ നിലയില്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തെന്ന് പെഷവാര്‍ സിറ്റി പോലീസ് ഓഫീസര്‍ മുഹമ്മദ് ഐജാസ് ഖാന്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് പോലീസ് തല കണ്ടെടുത്തത്. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഇയാള്‍ പള്ളിക്കകത്ത് പ്രവേശിച്ചതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഏതെങ്കിലും ഒരു ഔദ്യോഗിക വാഹനമുപയോഗിച്ചായിരിക്കണം ഇയാള്‍ പള്ളിയില്‍ പ്രവേശിച്ചിരിക്കുക എന്നാണ് പോലീസിന്റെ നിഗമനം.  

തിങ്കളാഴ്ച് ഉച്ചയ്ക്ക് ളുഹര്‍ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടിരുന്നു. 221 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ക്കഴിയുന്നു. സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പാടേ തകര്‍ന്നിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ചാവേറിന്റെ തലഭാഗവും കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയായിരുന്നു അപകടം. ഉച്ചസമയത്തെ പ്രാര്‍ഥനവേളയില്‍, പള്ളിക്കകത്തെ ഒന്നാമത്തെ നിരയില്‍ത്തന്നെ ഇയാളുണ്ടായിരുന്നു. നമസ്‌കാരത്തിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. 

പോലീസ് ആസ്ഥാനത്തുള്ള പള്ളിയിലായിരുന്നു സ്ഫോടനം. മുന്നൂറോളം പേര്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗം പേരും പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥരാണ്. താലിബാന്റെ പാക് മുഖമായ തെഹ്‌രീകെ താലിബാന്‍ പാകിസ്താനാണ് (ടി.ടി.പി.) ആക്രമത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചു. ഓഗസ്റ്റില്‍ അഫ്ഗാനിസ്താനില്‍ തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണിതെന്ന് ടി.ടി.പി. കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുറസാനി പ്രതികരിച്ചു. അഫ്ഗാന്‍ അതിര്‍ത്തിപ്രദേശത്തെ അതിസുരക്ഷാ മേഖലയിലാണ് പള്ളി. ത്രിതല സുരക്ഷാ വലയം മറികടന്നാണ് ചാവേര്‍ പള്ളിക്കകത്ത് പ്രവേശിച്ചത്.

Content Highlights: peshawar masjid suicide attack