പാരീസിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് വെടിയേറ്റു

#ന്യൂസ് ഡെസ്‌ക്
വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിക്കുന്ന ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് (മധ്യത്തിൽ വലത്), സമത്വകാര്യ ജൂനിയർ മന്ത്രി അറോർ ബെർഗെ (മധ്യത്തിൽ ഇടത്) എന്നിവർ.
വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിക്കുന്ന ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് (മധ്യത്തിൽ വലത്), സമത്വകാര്യ ജൂനിയർ മന്ത്രി അറോർ ബെർഗെ (മധ്യത്തിൽ ഇടത്) എന്നിവർ.

പാരീസ്: ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഫ്രാൻസിലെ പാരീസിൽ ഭീകരാക്രമണം. പാരീസിന് തെക്കുപടിഞ്ഞാറുള്ള ട്രാപ്പസിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും കുറഞ്ഞത് നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ ഭീകരാക്രമണമായാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചു. കാറിൽ സഞ്ചരിച്ച അക്രമി ജനങ്ങൾക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ പിന്നീട് കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു സ്ഥിരീകരിച്ചു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ച 39-കാരനായ അക്രമി വഴിയരികിൽ കണ്ട ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സാധ്യമായ അത്രയും ആളുകളെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ നഗരത്തിലൂടെ വണ്ടിയോടിച്ച് വെടിവെപ്പ് നടത്തിയതെന്ന് ട്രാപ്പസ് മേയർ അലി റബേ പറഞ്ഞു.

ഹെൽത്ത് സെന്റർ, പെട്രോൾ പമ്പ്, നിരവധി വാഹനങ്ങൾ എന്നിവയ്ക്ക് നേരെയും ഇയാൾ വെടിയുതിർത്തു. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കാമെന്നും ഇതിൽ 12 വയസ്സുള്ള കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ടാം ലോകമഹായുദ്ധ കാലത്തെ പഴയ സെമി-ഓട്ടോമാറ്റിക് ആയുധമാണ് ഇയാൾ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് 'ലെ പാരീസിയൻ' (Le Parisien) എന്ന ഫ്രഞ്ച് മാധ്യമം വ്യക്തമാക്കുന്നു. ട്രാപ്പസിന് സമീപമുള്ള കൊയ്നിയേഴ്സ് (Coignières) എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സംഭവത്തിന്റെ അന്വേഷണം ഫ്രാൻസിലെ നാഷണൽ ആന്റി-ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് (PNAT) ഏറ്റെടുത്തു.

ഭീകരസംഘടനകളുമായുള്ള ഗൂഢാലോചന, മാരകായുധങ്ങൾ കൈവശം വെക്കൽ എന്നിവ ഉൾപ്പെടുത്തിയാണ് കേസ് അന്വേഷിക്കുന്നത്. അക്രമിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിലും ഫ്രഞ്ച് ഇന്റലിജൻസ് സർവീസുകളുടെ നിരീക്ഷണ പട്ടികയിൽ ഉള്ളയാളല്ലെന്ന് റിപ്പോർട്ടുകൾ.

ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം വ്യക്തമല്ലെങ്കിലും, ഇരയായ രണ്ട് പേരുടെ ആഫ്രിക്കൻ പശ്ചാത്തലം ആക്രമണത്തിന് കാരണമായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മേയർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തീവ്രമായ ദുഃഖം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

Content Highlights: A shooting in Trappes, a Paris suburb, resulted in one death and four injuries. The attacker was apprehended by police, confirming a terrorist act.