സ്വാതന്ത്ര്യദിനത്തിൽ പാകിസ്താനിൽ നിന്നൊരു സമ്മാനം; റുബാബിൽ 'ജന ഗണ മന' തീർത്ത് സംഗീതജ്ഞൻ

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം രാജ്യാതിർത്തികൾ കടന്ന് ആഘോഷമാവുകയാണ്. ഹർ ഘർ തിരംഗയുടെ ഭാഗമായി രാജ്യമെങ്ങും ദേശീയപതാകകൾ വാനിലുയർന്നപ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പാകിസ്താനി സംഗീതജ്ഞന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
പാകിസ്താനി റുബാബ് സംഗീതജ്ഞനായ സിയാൽ ഖാൻ തന്റെ റുബാബിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുന്നതാണ് വീഡിയോയിൽ. മനോഹരമായ പശ്ചാത്തല ദൃശ്യങ്ങളോടു കൂടിയ വീഡിയോ നിരവധി പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. കശ്മീർ, പാകിസ്താൻ, അഫ്ഗാനിസ്താൻ തുടങ്ങിയിടങ്ങളിൽ ഏറെ പ്രചാരത്തിലുള്ള വാദ്യോപകരണമാണ് റുബാബ്.
രാജ്യാതിർത്തിക്കപ്പുറത്തുള്ള എന്റെ കാഴ്ചക്കാർക്കുള്ള സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സിയാൽ ഖാൻ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.