എഴുതിത്തള്ളുന്നു; താലിബാനുമായുള്ള ബന്ധം പൂര്‍ണമായും തകർന്നതായി പാകിസ്താന്‍

ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് പാകിസ്താന്‍. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണമായും തകര്‍ന്നുവെന്ന് പരസ്യമായി സമ്മതിച്ചത്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം താന്‍ വ്യക്തിപരമായി അവരെ സ്വാഗതം ചെയ്യുകയും ബന്ധങ്ങള്‍ സുസ്ഥിരമാക്കുന്നതിനായി പലതവണ അഫ്ഗാനിസ്താനിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, അതൊന്നും പ്രയോജയപ്പെട്ടില്ലെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. പാക് മാധ്യമമായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്റെ പരാമര്‍ശം.
അഫ്ഗാനിൽനിന്ന് നല്ല മാറ്റത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. എല്ലാ പരിധികളും ലംഘിക്കപ്പെടുന്നതുവരെ പ്രതീക്ഷ എപ്പോഴും നിലനില്‍ക്കണം. എന്നാല്‍ ഇന്ന്, ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും എഴുതിത്തള്ളുകയാണ്, അവരില്‍ ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ല.- ഖ്വാജ ആസിഫ് പറഞ്ഞു.
താലിബാന്‍ തങ്ങളെ ആശ്രയിക്കുമെന്നാണ് പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ മുഴുവന്‍ സമവാക്യങ്ങളും തലകീഴായി മറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പാക് താലിബാനുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള സംഘര്‍ഷം ശമനമില്ലാതെ തുടരുന്നതിനിടെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം പാക് അതിര്‍ത്തിയോട് ചേര്‍ന്ന അഫ്ഗാനിസ്താനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ പാകിസ്താന്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഒമ്പത് കുട്ടികളടക്കം 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഈ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന വാദം ഖ്വാജ ആസിഫ് തള്ളിക്കളഞ്ഞു.
അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 'ഞങ്ങള്‍ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യാറുണ്ട്, എന്നാല്‍, സാധാരണക്കാര്‍ ഒരിക്കലും ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങള്‍ക്ക് പാരമ്പര്യവും പെരുമാറ്റച്ചട്ടങ്ങളും അച്ചടക്കവുമുള്ള ഒരു സൈന്യമുണ്ട്. പെരുമാറ്റച്ചട്ടമോ പാരമ്പര്യങ്ങളോ ഇല്ലാത്ത താലിബാനെപ്പോലെ ഒരു അസംഘടിത കൂട്ടമല്ല ഞങ്ങള്‍- ഖ്വാജ ആസിഫ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പ്രതികാരമായി ഇസ്ലാമിക നിയമപ്രകാരം തിരിച്ചടിക്കുമെന്ന് താലിബാന്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഏത് ഇസ്ലാമിക നിയമം എന്ന് ചോദിച്ച് ഖ്വാജ ആസിഫ് രോഷാകുലനായി. ദശാബ്ദങ്ങളോളം അയല്‍വാസിയുടെ വീട്ടില്‍ താമസിച്ച് പിന്നീട് രക്തം ചൊരിയാന്‍ ആവശ്യപ്പെടുന്ന ഏത് നിയമമാണ് അഫ്ഗാന്‍ താലിബാന്‍ പിന്തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. താലിബാന്‍ നേതൃത്വം മുമ്പ് പാകിസ്താനില്‍ അഭയം തേടിയതിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് ഖ്വാജ ആസിഫ് വിമര്‍ശനമുന്നയിച്ചത്.
Content Highlights: Pakistan`s Defence Minister admits Pakistan`s efforts to rebuild relations with the Taliban regime in Afghanistan have failed, losing all hope for positive change from Kabul.