ബന്ദികൾക്കിടയിൽ ചാവേർ ബോംബുകൾ, പകച്ച് പാക് സൈന്യം; തന്ത്രം മാറ്റി ആക്രമണം കടുപ്പിച്ച് ബിഎൽഎ

ക്വറ്റ: ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബന്ദികളാക്കിയ തീവണ്ടി യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവില്‍. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. ഇതിനിടെ 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
ബലൂചിസ്താന്റെ വിമോചനത്തിന് വേണ്ടി പോരാടുന്ന വിഘടനവാദികളായ ബിഎല്‍എ, അടുത്തിടെയായി പാക് സൈന്യത്തിനുനേരെയുള്ള ആക്രമം ശക്തിപ്പെടുത്തിയിരുന്നു. ആക്രമത്തിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതോടെ സൈന്യത്തിന്റെ ഭാഗത്ത് ആളപായത്തിന്റെ തോതും വര്‍ധിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ജാഫര്‍ എക്‌സ്പ്രസ് റാഞ്ചര്‍.
ഒരുദിവസം നീണ്ട ഏറ്റുമുട്ടലില്‍ ജീവനോടെ യാത്രക്കാരെ മോചിപ്പിക്കുക എന്നതായിരുന്നു പാക് സുരക്ഷാസേനകള്‍ക്കുമുന്നിലെ പ്രധാനവെല്ലുവിളി. 70 മുതല്‍ 80 വരെ വരുന്ന വിഘടനവാദികളുടെ സംഘമാണ് തീവണ്ടി റാഞ്ചിയതെന്നാണ് പാക് ആഭ്യന്തരമന്ത്രി തലാല്‍ ചൗധരി അറിയിച്ചത്. ബോഗികളില്‍ ബന്ദികളാക്കിവെച്ച യാത്രക്കാര്‍ക്കിടയില്‍ ബിഎല്‍എ ചാവേര്‍ബോംബുകളെ നിര്‍ത്തിയിരുന്നു. ഹെലിക്കോപ്റ്ററുകളുടെ സഹായത്തോടെ ബുധനാഴ്ചയും നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ബന്ദികളെയെല്ലാം മോചിപ്പിച്ചത്. അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്നു.
നൂറുകണക്കിന് ട്രൂപ്പുകളാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്. വ്യോമസേനയും മറ്റ് സൈനിക വിഭാഗങ്ങളും ദൗത്യത്തിന്റെ ഭാഗമായി. ചാവേറുകളെ കീഴ്‌പ്പെടുത്തിയ ശേഷമായിരുന്നു സൈന്യം വിഘടനവാദികള്‍ക്കുനേരെ തിരിഞ്ഞത്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളെ സുരക്ഷാസേനകള്‍ വധിച്ചു.
214 പേരെ ബന്ദികളാക്കിയെന്നാണ് സ്വതന്ത്ര ബലൂചിസ്താനുവേണ്ടി പോരാടുന്ന ബിഎല്‍എ ചൊവ്വാഴ്ച അറിയിച്ചത്. ബലൂചിസ്താന്റെ തലസ്ഥാനമായ ക്വറ്റയില്‍നിന്ന് ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ പെഷാവറിലേക്ക് 425 യാത്രക്കാരുമായി പോയ ഒന്‍പതു ബോഗികളുള്ള ജാഫര്‍ എക്‌സ്പ്രസാണ് ബൊലാന്‍ മേഖലയിലെ എട്ടാംനമ്പര്‍ തുരങ്കത്തില്‍വെച്ച് ബിഎല്‍എ തട്ടിയെടുത്തത്.
പാളം സ്‌ഫോടനത്തില്‍ തകര്‍ത്താണ് ബിഎല്‍എ തീവണ്ടി തട്ടിയെടുത്ത്. മലയോരമേഖലയായ ബോലാനില്‍ 17 തുരങ്കങ്ങളുണ്ട്. മലമ്പ്രദേശമായതിനാല്‍ സാവധാനത്തിലാണ് തീവണ്ടികള്‍ ഇതുവഴിപോകുക. ആദ്യമായാണ് ഈ മേഖലയില്‍ തീവണ്ടി തട്ടിയെടുക്കുന്നത്.
പാകിസ്താനും യു.എസും ബ്രിട്ടനും നിരോധിച്ച സംഘടനയാണ് ബിഎല്‍എ. പാകിസ്താന്റെ ഇറാന്‍, അഫ്ഗാനിസ്താന്‍ അതിര്‍ത്തിയുള്ള ബലൂചിസ്താനില്‍ വര്‍ഷങ്ങളായി ബിഎല്‍എ ആക്രമണം നടത്തുന്നുണ്ട്. 2024 നവംബറില്‍ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ ബിഎല്‍എ നടത്തിയ ചാവേറാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. എണ്ണ-ധാതുസമ്പത്തുള്ള ബലൂചിസ്താനിലൂടെയാണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത്.
Content Highlights: Pakistani forces rescued train passengers held hostage by the Baloch Liberation Army