പറഞ്ഞ വാക്കിൽ നിന്ന് പിന്മാറി പാകിസ്താൻ; പിണക്കം മാറ്റാൻ സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: സൗദി അറേബ്യയിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായി അപലപിക്കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ചറിയിച്ചു. ഹൂതികൾക്കെതിരായ സൈനിക നീക്കങ്ങളിൽനിന്ന് പാകിസ്താൻ പിന്മാറുന്നതായുള്ള സൂചനകൾക്ക് പിന്നാലെ, നയതന്ത്രപരമായ അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫോൺ സംഭാഷണമെന്നാണ് വിലയിരുത്തൽ.
സൗദിയുമായി ഒപ്പുവെച്ച മക്ക പ്രതിരോധ കരാർ ഹൂതികൾക്കെതിരേ നേരിട്ടുള്ള സൈനിക നീക്കത്തിന് തങ്ങളെ പ്രേരിപ്പിക്കുന്നില്ലെന്ന് പാകിസ്താൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്. ആക്രമണം തുടർന്നാൽ കരാർ നിലവിൽവരുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പിന്നീട് അത് സമാധാനപരമായ പ്രതിരോധത്തിന് മാത്രമുള്ളതാണെന്ന് പാകിസ്താൻ തിരുത്തി. ഞായറാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ ഷെഹ്ബാസ് ഷെരീഫ് സൗദി ജനതയ്ക്കും ഭരണകൂടത്തിനും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും, മേഖലയിലെ സമാധാനത്തിനും ആഗോള ഊർജ വിപണിക്കും ഹൂതി ആക്രമണങ്ങൾ ഭീഷണിയാണെന്ന് പറയുകയുംചെയ്തു.
യെമെനിൽ സൗദി പിന്തുണയുള്ള ഭരണകൂടവും ഹൂതികളും തമ്മിലുള്ള പോരാട്ടം ശക്തമായ പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങൾ. ചെങ്കടലിലെ തന്ത്രപ്രധാനമായ മോഖ തുറമുഖവും ബാബ് എൽ-മന്ദേബ് കടലിടുക്കിന് സമീപമുള്ള പെരിം ദ്വീപും ഹൂതികൾ പിടിച്ചെടുത്തതോടെ ആഗോള കപ്പൽ ഗതാഗത സുരക്ഷ വീണ്ടും ആശങ്കയിലായിട്ടുണ്ട്. ഈ സഹചര്യത്തിലാണ് മൂന്ന് രാജ്യങ്ങളിലൊന്നിൽ ആക്രമണമുണ്ടായാൽ അത് മറ്റു രാജ്യങ്ങൾക്കുനേരെയുണ്ടായ ആക്രമണമായി കണക്കാക്കുമെന്ന മക്ക പ്രതിരോധ കരാറിന്റെ പ്രസക്തി ചർച്ചയായത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഫീൽഡ് മാർഷൽ അസിം മുനീർ, ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ എന്നിവർക്കൊപ്പം ചേർന്ന് ശ്രമങ്ങൾ തുടരുമെന്ന് ഷെരീഫ് ഉറപ്പുനൽകി. സൗദി കിരീടാവകാശിയുടെ നേതൃത്വത്തെ പുകഴ്ത്തിയ ഷെരീഫിന്, പാകിസ്താന്റെ ഉറച്ച പിന്തുണയ്ക്ക് മുഹമ്മദ് ബിൻ സൽമാൻ നന്ദിയറിയിച്ചു. പരസ്പരം സഹകരണം ശക്തമായി തുടരാനും ഉടൻതന്നെ നേരിട്ട് കൂടിക്കാഴ്ച നടത്താനും ഇരുനേതാക്കളും ധാരണയായിട്ടുണ്ട്.