‘മക്ക’ പ്രതിരോധ കരാർ പാലിക്കാൻ സന്നദ്ധം; സൗദി അറേബ്യയ്ക്ക് പിന്തുണയുമായി പാകിസ്താൻ

ഇസ്‌ലാമാബാദ്: സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ, മക്ക പ്രതിരോധ കരാർ പാലിക്കാൻ സന്നദ്ധമാണെന്ന് പാകിസ്താൻ. ഓഗസ്റ്റ് ഏഴിനാണ് പാകിസ്താൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് സുപ്രധാന കരാറിൽ ഒപ്പുവെച്ചത്. നാറ്റോയുടെ ആർട്ടിക്കിൾ-5 മാതൃകയിലാണ് മൂന്ന് രാജ്യങ്ങളും കരാർ രൂപീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഈ രാജ്യങ്ങളിൽ ഒന്നിന് നേർക്കുണ്ടാകുന്ന ആക്രമണം മറ്റെല്ലാ രാജ്യങ്ങൾക്കും നേർക്കുള്ള ആക്രമണമായി കണക്കാക്കും.
കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ രാജ്യം സന്നദ്ധമാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ‘മക്ക കരാർ ഞങ്ങൾക്ക് ബാധകമാണ്, അത് പാലിക്കേണ്ട കടമ ഞങ്ങൾ നിർവഹിക്കും’ എന്ന് പാകിസ്താനി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു. മൂന്ന് രാജ്യങ്ങളിലൊന്നിന്റെയും ഭൗമ അതിർത്തികളോ പ്രാദേശിക അഖണ്ഡതയോ ലംഘിക്കപ്പെട്ടാൽ പരസ്പര പ്രതിരോധം ഉറപ്പാക്കുന്നതാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂതികളെ നേരിടാൻ സൗദി അറേബ്യ ഇസ്രയേലിന്റെ സഹായം തേടിയതായി റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ പ്രതികരണം. നേരത്തെ, ആക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യയുടെ പ്രതിരോധത്തിന് പാകിസ്താന്റെ പൂർണ പിന്തുണയുണ്ടെന്നും അവർക്കൊപ്പം നിൽക്കുമെന്നും ഷെരീഫ് പറഞ്ഞു.
അതേസമയം, മക്ക ആക്രമിക്കപ്പെട്ടാൽ അതിനെ സംരക്ഷിക്കാൻ പ്രത്യേകം ഒരു കരാറിന്റെ ആവശ്യമില്ലെന്നും വിശുദ്ധകേന്ദ്രങ്ങൾ സംരക്ഷിക്കുക എന്നത് കരാറിലില്ലെങ്കിലും ചെയ്യേണ്ട കടമയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. എന്നാൽ, മക്കയെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തുമെന്ന വാർത്തകൾ ഹൂതികൾ തള്ളി. സൗദി ഭരണകൂടം തഴമ്പിച്ച നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അവർ ഇസ്ലാമിന് പ്രാധാന്യമുള്ള വിശുദ്ധ സ്ഥലങ്ങളെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് തങ്ങൾ ചിന്തിക്കുകപോലുമില്ലെന്നും വ്യക്തമാക്കി.
Content Highlights: Pakistani Defense Minister Khawaja Asif confirmed that Pakistan is fully committed to honoring the Makkah defense pact with Saudi Arabia and Turkey amid escalating tensions with Yemen's Houthi rebels.