പാകിസ്താനില്‍ മദ്രസയില്‍ നമസ്‌കാരത്തിനിടെ ചാവേര്‍ ആക്രമണം, 5 മരണം

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ മദ്രസയില്‍ ജുമ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തൂൻഖ്വ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്.
മദ്രസയുടെ പ്രധാനഹാളിലായിരുന്നു സ്‌ഫോടനം നടന്നത്. മതപുരോഹിതന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ചാവേറാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
1947ല്‍ മതപണ്ഡിതന്‍ മൗലാന അബ്ദുല്‍ ഹഖ് ഹഖാനി സ്ഥാപിച്ച മദ്രസയിലാണ് സ്ഫോടനം നടന്നത്. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ വധത്തില്‍ (ഡിസംബര്‍ 27, 2007) ഈ മദ്രസയിലെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് അക്കാലത്ത് ആരോപണമുയര്‍ന്നിരുന്നു. അക്കാലം മുതല്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മദ്രസ പ്രവര്‍ത്തിക്കുന്നത്. അതിനിടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ചാമ്പ്യൻ ട്രോഫിയുടെ വേദികളിലൊന്ന് പാകിസ്താൻ ആയതിനാൽ സ്ഫോടന വിവരം അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചയായിരിക്കുകയാണ്.
സംഭവത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അപലപിച്ചു. എത്ര ഭയപ്പെടുത്താല്‍ ശ്രമിച്ചാലും തീവ്രവാദത്തിനെതിരേയുള്ള പോരാട്ടം പാകിസ്താന്‍ അവസാനിപ്പിക്കുകയില്ല. ഇക്കൂട്ടരെ ഉന്മൂലനം ചെയ്യാതെ വിശ്രമമില്ല. ഉത്തരവാദികളായവര്‍ക്കെതിരേ തക്കതായ നടപടി സ്വീകരിക്കും- ഷഹബാസ് ഷരീഫ് പറഞ്ഞു.
Content Highlights: Deadly bomb blast killed 5 in pak; several injured, amidst Champions Trophy