24 കോടി ജനങ്ങളുടെ ജീവനാഡി, സിന്ധുനദി നിര്‍ണായകം; ഇന്ത്യന്‍ നീക്കത്തില്‍ ആശങ്കയോടെ പാകിസ്താന്‍

സിന്ധു നദി,  ഫയല്‍ ചിത്രം
സിന്ധു നദി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. അതിലൊന്നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം. ഇന്ത്യയുടെ നീക്കം പാകിസ്താനില്‍ വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്. പാകിസ്താനിലെ 24 കോടിയാളുകളുടെ ജീവനാഡിയാണ് സിന്ധുനദി. ഇന്ത്യന്‍ നീക്കത്തോട് വൈകാരികമായാണ് പാകിസ്താന്‍ പ്രതികരിച്ചത്. 

സിന്ധു നദീജല കരാര്‍ മരവിപ്പിക്കുമെന്ന ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധമായ നീക്കമാണെന്ന് പാകിസ്താന്‍ പറയുന്നു. ജലം പാകിസ്താന്റെ സുപ്രധാന ദേശീയ താല്‍പ്പര്യമാണെന്നും 24 കോടി ജനങ്ങളുടെ ജീവനാഡിയാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ലോകബാങ്ക് അടക്കമുള്ള ആഗോള സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ലെന്നും ഈ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.

ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് പാകിസ്താന്‍ നടപടികള്‍ വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.

'ലോകബാങ്ക് മധ്യസ്ഥത വഹിച്ച, ഇരു രാജ്യങ്ങള്‍ക്കും ബാധകമായ അന്താരാഷ്ട്ര കരാറാണിത്. ഏകപക്ഷീയമായി റദ്ദാക്കാന്‍ കരാറില്‍ വ്യവസ്ഥയില്ല. ജലം പാകിസ്ഥാന്റെ സുപ്രധാന ദേശീയ താല്‍പ്പര്യവും 24 കോടി ജനങ്ങളുടെ ജീവനാഡിയുമാണ്. ജല ലഭ്യത എന്തു വിലകൊടുത്തും സംരക്ഷിക്കും. പാകിസ്താനവകാശപ്പെട്ട ജലത്തിന്റെ ഒഴുക്ക് തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുകയും പൂര്‍ണ്ണ ശക്തിയോടെ പ്രതികരിക്കുകയും ചെയ്യും'. പ്രസ്താവനയില്‍ പറയുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം മോശമായ ഇന്ത്യാ- പാക് ബന്ധം അതിലേറെ വഷളായിരിക്കുന്ന സാഹചര്യമാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പോലും ഇന്ത്യ നദീജല കരാറില്‍ തീരുമാനമെടുത്തിരുന്നില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: Pakistan Condemns India`s Indus Waters Treaty Suspension