ഇമ്രാൻ ഖാന്റെ മോചനം; ഇസ്ലാമാബാദിലേക്ക് വമ്പൻ മാർച്ചുമായി പിടിഐ, പാകിസ്താനിൽ പുതിയ പ്രതിസന്ധി

ഇസ്ലാമാബാദ്: തടങ്കലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തഹ്രീകെ ഇൻസാഫ് (PTI) അനുയായികൾ ഇസ്ലാമാബാദിലേക്ക് വൻ പ്രതിഷേധ മാർച്ച് ആരംഭിച്ചു. സർക്കാരും പി.ടി.ഐ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഖൈബർ പഖ്തുൻഖ്വയിലെ ലക്കി മർവാത് ജില്ലയിൽ നിന്നാണ് ട്രക്കുകളും ബസുകളും കാറുകളും അടങ്ങുന്ന പ്രതിഷേധ റാലി ആരംഭിച്ചത്. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയുടെ നേതൃത്വത്തിലാണ് മാർച്ച് പുരോഗമിക്കുന്നത്.
സർക്കാരുമായി നടത്തിയ രണ്ട് ഘട്ട ചർച്ചകളും സമവായത്തിലെത്താതെ പരാജയപ്പെട്ടതായി പി.ടി.ഐ ചെയർമാൻ ഗോഹർ ഖാൻ വ്യക്തമാക്കി. പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ ഇസ്ലാമാബാദിന്റെ അതിർത്തികളിലും നഗരത്തിനുള്ളിലും ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് അധികൃതർ ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്. പാക് താലിബാന്റെ (TTP) ഭീകരാക്രമണ ഭീഷണി ചൂണ്ടിക്കാട്ടി മാർച്ച് മാറ്റിവെക്കാൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്വി അഭ്യർത്ഥിച്ചെങ്കിലും പ്രതിഷേധക്കാർ മാർച്ച് തുടരുകയാണ്.
2023 മുതൽ അഴിമതിക്കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനത്തിന് പുറമെ, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്നും കുടുംബത്തിന് സന്ദർശനാനുമതി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
Content Highlights: Supporters of Imran Khan in Pakistan begin a protest march in Islamabad, demanding his release amid failed talks with the government.