പാകിസ്താനിൽ ഡീസൽ വില 55 ശതമാനം വർധിച്ചു, ലിറ്ററിന് 520 പാകിസ്താനി രൂപ; പെട്രോളിനും വൻ വർധന

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: AP
പ്രതീകാത്മകചിത്രം | Photo: AP

ഇസ്ലാമാബാദ്: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വില വർധനയെത്തുടർന്ന് പാകിസ്താൻ ഇന്ധനവിലയിൽ റെക്കോർഡ് വർധനവ്. രാജ്യത്തെ ഡീസൽ വില 54.9 ശതമാനം വർധിപ്പിച്ച് ലിറ്ററിന് 520.35 പാകിസ്താനി രൂപയായും പെട്രോൾ വില 42.7 ശതമാനം വർധിപ്പിച്ച് 458.40 രൂപയായുമാണ് ഉയർത്തിയത്. ഇതോടൊപ്പം മണ്ണെണ്ണ വില ലിറ്ററിന് 34.08 രൂപ വർധിച്ച് 457.80 രൂപയിലെത്തി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്.

യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ നിയന്ത്രണാതീതമായ വിലക്കയറ്റമാണ് ഇത്തരമൊരു വില വർധനവിന് പ്രധാന കാരണമെന്ന് പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് അറിയിച്ചു. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള എണ്ണ ഇറക്കുമതിക്കായി ഹോർമുസ് കടലിടുക്കിനെയാണ് പാകിസ്താൻ പ്രധാനമായും ആശ്രയിക്കുന്നത്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതും പാകിസ്താന് തിരിച്ചടിയായി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ധന സബ്‌സിഡികൾ ഇനി തുടരാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ നൽകിയ 129 ബില്യൺ രൂപയുടെ സബ്‌സിഡി താങ്ങാൻ നിലവിൽ രാജ്യത്തിന് കഴിയില്ലെന്നും യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ സബ്‌സിഡി ഒഴിവാക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.

വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ പെട്രോൾ ലെവി ലിറ്ററിന് 105 രൂപയിൽനിന്ന് 160 രൂപയായി ഉയർത്താനും ഡീസലിലെ ലെവി പൂർണമായും ഒഴിവാക്കാനും പാകിസ്താൻ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Diesel prices surged by 54.9% to 520.35 PKR per liter., Petrol prices increased by 42.7% to 458.40 PKR per liter., Global oil supply chain disruption due to US-Iran conflict., Government ends fuel subsidies citing a 129 billion PKR fiscal burden., Petroleum levy adjusted to 160 PKR per liter to stabilize revenue.