ബംഗ്ലാദേശിലേക്ക് ആണവ ഇന്ധനവുമായെത്തിയ റഷ്യൻ വിമാനത്തിന് അനുമതി നിഷേധിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താനുമായി ബന്ധം പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശ് ശ്രമിക്കുന്നതിനിടയിൽ തിരിച്ചടിയായി പാകിസ്താന്റെ വ്യോമപാതാ വിലക്ക്. ബംഗ്ലാദേശിലെ രൂപുർ അണുനിലയത്തിലേക്ക് ആണവ ഇന്ധനവുമായി വന്ന റഷ്യൻ വിമാനത്തിന് പാകിസ്താൻ വ്യോമപാത നിഷേധിച്ചു. പാകിസ്താൻ അനുമതി നൽകിയിട്ടില്ലെന്ന് ബംഗ്ലാദേശ് ശാസ്ത്ര, സാങ്കേതിക മന്ത്രി ഫക്കീർ മഹ്ബൂബ് അനം സ്ഥിരീകരിച്ചു. പക്ഷേ, ഇതിനുള്ള കാരണം പാകിസ്താൻ വ്യക്തമാക്കിയിട്ടില്ല.
അസർബൈജാൻ, കസാഖസ്താൻ, പാകിസ്താൻ, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് ധാക്കയിൽ ഇറങ്ങേണ്ടിയിരുന്ന റഷ്യൻ വിമാനത്തിനാണ് അനുമതി നിഷേധിച്ചത്. ബംഗ്ലാദേശിന്റെ ആദ്യ അണുനിലയത്തിലേക്കുള്ള ആദ്യഘട്ട ആണവ ഇന്ധനം സെപ്റ്റംബർ 24-ന് എത്തേണ്ടിയിരുന്നതാണ്. റഷ്യയുടെ ഉടമസ്ഥതയിലുള്ള റോസാറ്റം എന്ന ആണവോർജ കമ്പനിയാണ് രൂപുർ പദ്ധതി നടപ്പാക്കുന്നത്. ബംഗ്ലാദേശിലേക്ക് യുറേനിയം എത്തിക്കുന്നതിനുള്ള ചുമതലയും ഇവർക്കാണ്.
പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കാൻ വിമാനത്തിന് അനുമതി ലഭിച്ചില്ലെന്നും അനുമതി നൽകാത്തതിന്റെ കൃത്യമായ കാരണം ഇതുവരെ അറിയില്ലെന്നും ഫക്കീർ മഹ്ബൂബ് അനം പറഞ്ഞു. വ്യോമപാതാ വിലക്ക് അവസാന നിമിഷമാണ് ഉണ്ടായതെന്ന് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും, ഏത് രാജ്യമാണ് അനുമതി നിഷേധിച്ചതെന്ന കാര്യത്തിൽ ബംഗ്ലാദേശ് അറ്റോമിക് എനർജി കമ്മീഷൻ (ബി.എ.ഇ.സി.) പ്രതികരിച്ചിട്ടില്ല.
സംഭവത്തിന് പിന്നിൽ സാങ്കേതികമായതും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതുമായ ചില പ്രശ്നങ്ങളാണെന്ന് ധാക്കയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ബംഗ്ലാദേശുമായുള്ള ബന്ധത്തിന് പാകിസ്താൻ വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനാൽ ഉഭയകക്ഷി ബന്ധത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകാതെ, വിഷയം സാങ്കേതിക പശ്ചാത്തലത്തിൽ കാണുന്നതാണ് ഉചിതമെന്നും പാക് എംബസി പ്രസ്താവനയിൽ പറഞ്ഞു.
വലിയ ഊർജ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശ്, തങ്ങളുടെ ആദ്യ അണുനിലയത്തിൽ നിന്നുള്ള വാണിജ്യ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കാൻ ലക്ഷ്യമിടുന്ന സമയത്താണ് ഈ സംഭവം. ഈ സാഹചര്യത്തിൽ, പാകിസ്താൻ വ്യോമപാതയുടെ അനുമതി നിഷേധിച്ചത് ആണവ ഇന്ധന വിതരണം വൈകിക്കാനും നിലയത്തിന്റെ പ്രവർത്തന സമയത്തെ ബാധിക്കാനും സാധ്യതയുണ്ട്.
Content Highlights: Pakistan denied airspace permission to a Russian flight transporting nuclear fuel for Bangladesh's Rooppur nuclear power plant, creating unexpected delays for the project.