കാബൂളിൽ ബോംബ് വർഷം, യുദ്ധംതുടങ്ങി പാകിസ്താൻ; 133 പേരെ വധിച്ചെന്ന് അവകാശവാദം; 'വിമാനം വെടിവെച്ചിട്ടു'

ഇസ്ലാമാബാദ്: അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്താൻ. കാബൂളിലും കാണ്ഡഹാറിലും പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷമാണ് ഇപ്പോൾ യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് സാമൂഹിക മാധ്യമമായ എക്സിൽകൂടി താലിബാൻ ഭരണത്തിനെതിരേ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ‘ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു. നിങ്ങളുമായി ഞങ്ങൾ തുറന്നയുദ്ധം ആരംഭിച്ചിരിക്കുന്നു’, ഖ്വജ ആസിഫ് എക്‌സ് പോസ്റ്റിൽ പറഞ്ഞു. ‘ഖസബ് ലിൽ ഹഖ്’ എന്ന പേരിട്ട സൈനിക നടപടിക്കാണ് പാകിസ്താൻ തുടക്കംകുറിച്ചിരിക്കുന്നത്.
അഫ്ഗാനിസ്താനിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിന്റേതെന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാബൂളിൽ ബോംബ് വർഷം നടത്തുന്നതും വീഡിയോയിൽ കാണാം. ഏത് രീതിയിലുള്ള ആക്രമണത്തേയും ചെറുക്കാൻ സൈന്യത്തിന് ശക്തിയുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അഫ്ഗാനിസ്താനിൽ നടത്തിയ ആക്രമണത്തിനു പിന്നാലെ പറഞ്ഞു.
കാബൂളിൽ ജെറ്റ് വിമാനങ്ങളുടേയും ഉഗ്രസ്ഫോടനങ്ങളുടേയും വെടിവെപ്പിന്‍റെയും ശബ്ദം കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. കാണ്ഡഹാറിൽ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ താമസിക്കുന്നിടത്ത് യുദ്ധവിമാനങ്ങൾ വട്ടമിട്ട് പറന്നതായുള്ള റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ ഇതുവരെ 133 അഫ്ഗാൻ സൈനികരെ വധിച്ചതായി പാകിസ്താനും, 55 പാകിസ്താനി സൈനികരെ വധിച്ചതായി അഫ്ഗാനിസ്താനും അവകാശപ്പെട്ടിട്ടുണ്ട്.
കാബൂളിലും കാണ്ഡഹാറിലും പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി താലിബാൻ വക്താവ് സൈബുള്ളാ മുജാഹിദീൻ പറഞ്ഞു. അതിർത്തി കടന്ന പാക് വിമാനം വെടിവെച്ചിട്ടതായി അഫ്ഗാനിസ്താൻ അവകാശപ്പെട്ടു.
അഫ്ഗാൻ-പാക് അതിർത്തിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘർഷം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതിനു പിന്നാലെ ഖത്തറിൽവെച്ച് ഇരു രാജ്യങ്ങളുംതമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും അതിർത്തിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങുകയുമായിരുന്നു.
Content Highlights: Pakistan's Defense Minister officially declares open conflict against the Taliban government., Airstrikes and explosions reported in major Afghan cities, including Kabul and Kandahar., The escalation follows prolonged border tensions and the breakdown of a recent ceasefire agreement.