മുസ്ലീം ഐക്യത്തെ തകർക്കാനുള്ള നീക്കം; ഹെക്‌സഗൺ ഓഫ് അലയൻസിൽ ആശങ്കയുമായി പാകിസ്താൻ

#ന്യൂസ് ഡെസ്ക്
ഇസ്രായേലിലെ ടെൽ അവീവിനടുത്തുള്ള ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്യുന്നു| PTI
ഇസ്രായേലിലെ ടെൽ അവീവിനടുത്തുള്ള ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്യുന്നു| PTI

ഇസ്ലാമാബാദ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച പുതിയ സഖ്യരൂപീകരണ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന 'ഹെക്‌സഗൺ ഓഫ് അലയൻസ്' (Hexagon of Alliances) മുസ്ലീം ഉമ്മത്തിനെ വിഭജിക്കാനുള്ള നീക്കമാണെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. ഈ സഖ്യം മുസ്ലീം ഉമ്മത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും വിഭജിക്കാനും അതിന്റെ ഐക്യം തകർക്കാനുമുള്ള ശ്രമമാണെന്നാണ് പാക് സെനറ്റ് ആരോപിക്കുന്നത്. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെൽ അവീവ് സന്ദർശനത്തിന് മുന്നോടിയായാണ് നെതന്യാഹു ഹെക്‌സഗൺ ഓഫ് അലയൻസ് എന്ന സഖ്യത്തേപ്പറ്റി വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യ, ഗ്രീസ്, സൈപ്രസ്, കൂടാതെ പേര് വെളിപ്പെടുത്താത്ത ചില അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾ എന്നിവയും ഈ സഖ്യത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ നേതൃത്വം നൽകുന്ന റാഡിക്കൽ ഷിയാ അച്ചുതണ്ടിനെയും ഐസിസുമായി ബന്ധപ്പെട്ട റാഡിക്കൽ സുന്നി അച്ചുതണ്ടിനെയും പ്രതിരോധിക്കുകയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു. ഒരേ ലക്ഷ്യങ്ങളും വെല്ലുവിളികളും നേരിടുന്ന രാജ്യങ്ങളെ ഒന്നിപ്പിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലും പരിസരത്തുമായി ഒരു സഖ്യ സംവിധാനം രൂപീകരിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. നെതന്യാഹുവിന്റെ നീക്കത്തിനെതിരെ പാകിസ്താൻ സെനറ്റ് ഐകകണ്‌ഠേന പ്രമേയം പാസാക്കി. ഇസ്രായേലിന്റെ ഈ പദ്ധതി ഒരു മുസ്ലീം വിരുദ്ധ സഖ്യം ആണെന്നാണ് പ്രമേയത്തിൽ ആരോപിക്കുന്നത്. ഭരണകക്ഷിയായ പകിസ്താൻ പീപ്പിൾസ് പാർട്ടി അംഗം പല്വാഷ മുഹമ്മദ് സായ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്.

Content Highlights: Pakistan expresses concern over Israel's new 'Hexagon of Alliances' initiative.