മിസൈല്‍, ആണവായുധ നിയന്ത്രണം ഇനി അസിം മുനീറിന്, സിഡിഎസ് ആയി ഔദ്യോഗികനിയമനം നല്‍കി പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: ഫീൽഡ് മാർഷൽ അസിം മുനീറിനെ രാജ്യത്തെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് ആയി പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സർക്കാർ ഔദ്യോഗികമായി നിയമിച്ചു. മൂന്ന് സേനകളുടെയും മേൽനോട്ടം വഹിക്കുന്ന മുനീറിന് അഞ്ച് വർഷത്തേക്കാണ് ഈ നിയമനം. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ശുപാർശ അംഗീകരിച്ചതായി പാകിസ്താൻ പ്രസിഡന്റിന്റെ ഓഫീസ് എക്സ് പോസ്റ്റിൽ അറിയിച്ചു. ചീഫ് ഓഫ് ആർമി സ്റ്റാഫ് പദവിയും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് പദവിയും മുനീറിന് ശുപാർശ ചെയ്തിരുന്നു.
ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് സ്ഥാനം മൂന്ന് സേനാ വിഭാഗങ്ങളുടെയും (കരസേന, നാവിക സേന, വ്യോമ സേന) അധികാരം ഏകീകരിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആണവ ആയുധങ്ങളും മിസൈൽ സംവിധാനങ്ങളും നിയന്ത്രിക്കുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ മേൽനോട്ടവും അസിം മുനീറിന് നൽകുന്നു. ഇത് അസിം മുനീറിനെ രാജ്യത്തെ ഏറ്റവും ശക്തനായ സൈനിക മേധാവിയാക്കി മാറ്റും. നിലവിൽ ഫീൽഡ് മാർഷൽ പദവി നൽകി പാകിസ്താൻ സർക്കാർ മുനീറിനെ സന്തോഷിപ്പിച്ചിരുന്നു. ഇതിന് പുറമെ പ്രസിഡന്റിന് തുല്യമായ നിയമ പരിരക്ഷയും മുനീറിന് നൽകി. പ്രസിഡന്റിനെപ്പോലെ, ഫീൽഡ് മാർഷലിനും നിയമ നടപടികളിൽ നിന്ന് ജീവിതകാലത്തേക്ക് സംരക്ഷണം ലഭിക്കും.
സൈനിക കമാൻഡ് കേന്ദ്രീകരിക്കുന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ 27-ാം ഭേദഗതി പ്രകാരം കഴിഞ്ഞ മാസം ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് എന്ന പദവി രൂപീകരിച്ചത്. ഈ വർഷം ഫീൽഡ് മാർഷൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അസിം മുനീർ, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് എന്ന നിലയിലുള്ള തന്റെ ചുമതലകൾക്കൊപ്പം ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്ന പദവിയും ഒരുമിച്ച് വഹിക്കും. ഭേദഗതികൾ സൈന്യത്തിൻറെ മേലുള്ള സർക്കാരിന്റെ മേൽനോട്ടവും കുറയ്ക്കുന്നു. പാക് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കരസേനാ മേധാവിയെ നിയമിക്കുന്നതിൽ മുനീറിന് കൂടുതൽ അധികാരം ലഭിക്കും.
ഫീൽഡ് മാർഷൽ എന്ന അഞ്ച് നക്ഷത്ര റാങ്കും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ്, ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്നിവയുടെ സംയോജിത കമാൻഡും ഒരുമിച്ച് വഹിക്കുന്ന ആദ്യത്തെ പാക് സൈനിക ഉദ്യോഗസ്ഥനായിരിക്കുകയാണ് അസിം മുനീർ. 1965-ൽ ഇന്ത്യയുമായുള്ള യുദ്ധത്തിൽ പാകിസ്താനെ നയിച്ച ജനറൽ അയൂബ് ഖാന് ശേഷം ഫീൽഡ് മാർഷൽ പദവി വഹിക്കുന്ന രണ്ടാമത്തെ സൈനിക ഉദ്യോഗസ്ഥനാണ് അദ്ദേഹം.
Content Highlights: Pakistan PM appoints Field Marshal Asim Munir as the nation`s first Chief of Defence Forces, overseeing all three military branches and strategic command.