അഫ്ഗാൻ-പാക് വെടിനിർത്തൽ: തുർക്കിയും മലേഷ്യയും ഇൻഡോനേഷ്യയും മധ്യസ്ഥതയ്ക്ക്

ഇസ്ലാമാബാദ്: പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ വെടിനിർത്തലിനായി ഇടപെട്ട് തുർക്കി, മലേഷ്യ, ഇൻഡൊനേഷ്യ എന്നീ രാജ്യങ്ങൾ. സംഘർഷം പതിനൊന്നാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് വെടിനിർത്തലിനായി രാജ്യങ്ങൾ ഇടപെടുന്നത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ബിൻ ഇബ്രാഹിം, ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ എന്നിവർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. ഇവർ വെടിനിർത്തലിനായി മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വെടിനിർത്തൽ കരാറിലേക്കെത്താനായി മൂന്ന് രാജ്യങ്ങളിലെയും അധികാരികൾ അഫ്ഗാൻ താലിബാൻ നേതൃത്വവുമായും ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പാകിസ്താനുമായി വെടിനിർത്തലിന് തയ്യാറാകണമെന്ന് അവർ താലിബാനോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ ചർച്ചകൾ സുഗമമാക്കുന്നതിനായി തുർക്കിയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള പ്രതിനിധി സംഘങ്ങൾ ഉടൻ പാകിസ്താൻ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വെടിനിർത്തലിന് അനുകൂലമാണെന്നാണ് പാകിസ്താൻ പറയുന്നത്. ചില പ്രത്യേക നിബന്ധനകളുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ ശ്രമങ്ങളോട് സഹകരിക്കാമെന്ന് പാകിസ്താൻ സമ്മതിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പെരുന്നാൾ ദിനങ്ങളിൽ വെടിനിർത്തൽ സംബന്ധിച്ച് ഒരു സുപ്രധാന തീരുമാനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നയതന്ത്ര വൃത്തങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
വെടിനിർത്തൽ കൊണ്ടുവരണമെങ്കിൽ തെഹ്‌രികെ താലിബാൻ പാകിസ്താൻ ഭീകരസംഘടനാ നേതാക്കളെ കൈമാറണമെന്നുൾപ്പെടെയുള്ള വ്യവസ്ഥകൾ പാകിസ്താൻ മുന്നോട്ടുവയ്ക്കുമെന്നാണ് കരുതുന്നത്. പാകിസ്താനെ ലക്ഷ്യമിടുന്ന ഭീകരസംഘടനകൾക്ക് അഫ്ഗാനിസ്ഥാൻ സുരക്ഷിത താവളമൊരുക്കുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ പാക് ആരോപണങ്ങൾ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം നിഷേധിക്കുന്നുണ്ട്. നേരത്തെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഖത്തർ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സമാധാന ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും അവ വിജയിച്ചിരുന്നില്ല.
Content Highlights: Turkey, Malaysia, and Indonesia are leading mediation efforts for a Pakistan-Afghanistan ceasefire., Diplomatic talks are ongoing with both Pakistani leadership and the Taliban., Pakistan is open to a ceasefire under specific conditions, including the handover of TTP leaders., Delegations from Turkey and Malaysia are expected to visit Pakistan soon.