'ഇങ്ങോട്ട് വരണ്ട'... പാക് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്ഥാന്; ബന്ധം വഷളാകുന്നു

കാബൂൾ: അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇൻ്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് അഫ്ഗാൻ അധികൃതർ പ്രവേശനം നിഷേധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ ദിവസങ്ങളിൽ മൂന്ന് തവണ ഇവരുടെ വിസ അപേക്ഷകൾ നിരസിച്ചതായാണ് വിവരം.
ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് വിസ നിരസിച്ച വാർത്ത പുറത്തുവിട്ട അഫ്ഗാൻ മാധ്യമമായ ടോളോന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ ഭരണകൂടത്തിനെതിരെ ഭീകരാക്രമണങ്ങൾ നടത്തുന്ന തെഹ്രികെ താലിബാൻ പാകിസ്താൻ എന്ന പാക് താലിബാൻ സംഘടനയ്ക്ക് പിന്തുണ നൽകുന്ന അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ നയത്തിലുള്ള അതൃപ്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്.
അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു. 2021-ലെ മുൻ നിലപാടിൽനിന്ന് ഇപ്പോൾ മലക്കം മറിഞ്ഞതിന് പിന്നിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷമാണ് കാരണം.
യുഎസ് പിന്തുണയുണ്ടായിരുന്ന ജനാധിപത്യ സർക്കാരിനെ സായുധ കലാപത്തിലൂടെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയ താലിബാൻ ഭരണകൂടത്തെ പിന്തുണച്ച ആദ്യത്തെ രാജ്യമായിരുന്നു പാകിസ്താൻ. ഈ സൗഹൃദത്തില്‍ നിന്നാണ് ഇപ്പോൾ ശത്രുതയിലേക്ക് വഴിമാറിയിരിക്കുന്നത്.
Content Highlights: Afghan authorities deny visas to Pakistan`s Defence Minister and intel chief, escalating border clashes and worsening bilateral relations. Key crossings closed.