ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ വിവേക് രാമസ്വാമിക്ക് പരാജയം; ട്രംപിന്റെ പിന്തുണയും കോടികളുടെ പ്രചാരണവും തുണച്ചില്ല

#ന്യൂസ് ഡെസ്ക്
Vivek Ramaswamy| Photo: AP/PTI
Vivek Ramaswamy| Photo: AP/PTI

വാഷിങ്ടൺ: യു.എസിലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും കേരളത്തിൽനിന്ന് കുടിയേറിയവരുടെ മകനുമായ വിവേക് രാമസ്വാമിക്ക് പരാജയം. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മേയിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച രാമസ്വാമി, ഡെമക്രാറ്റിക് സ്ഥാനാർഥി ആമി ആക്ടണോടാണ് പരാജയപ്പെട്ടത്. രണ്ടുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആക്ടന്റെ വിജയം.

ആമി ആക്ടണിന് 50.90 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ വിവേകിന് 45.75 ശതമാനം വോട്ടുകളാണ് നേടാനായത്. 21,08,302 വോട്ടുകളാണ് ആമിക്ക് ആകെ ലഭിച്ചത്. വിവേകിന് 18,95,031 വോട്ടുകളും ലഭിച്ചു. 1,38,660 വോട്ടുകൾ നേടിയ ലിബർട്ടിയൻ പാർട്ടി പ്രതിനിധി ഡോൺ കിസിക് മൂന്നാമതാണ്. ആമി ആക്ടന്റെ ജയത്തോടെ 2006-നുശേഷം ആദ്യമായി ഒഹോയോയിൽ ഡെമക്രാറ്റിക് പാർട്ടിക്ക് ഗവർണർ സ്ഥാനം ലഭിച്ചു.

ബയോടെക് സംരംഭകനായ വിവേക് രാമസ്വാമി ശതകോടീശ്വരനാണ്. ഗവർണർ സ്ഥാനാർഥിത്വത്തിനായി വലിയ തുക മുടക്കിയ രാമസ്വാമിക്ക് ഈ വീഴ്ച വലിയ തിരിച്ചടിയാണ്. ഒഹായോയിലെ പ്രചാരണത്തിനായി ഏകദേശം 36 മില്യൺ ഡോളറാണ് അദ്ദേഹം സ്വന്തം കൈയിൽനിന്ന് ചെലവഴിച്ചത്. ഇത് ആക്ടന്റെ പ്രചാരണച്ചെലവിനേക്കാൾ കൂടുതലായിരുന്നു.