റഷ്യയിൽ 10000 ഉത്തരകൊറിയൻ സൈനികരെകൂടി വിന്യസിക്കാൻ തയ്യാറെടുക്കുന്നു-സെലൻസ്‌കി

#ന്യൂസ് ഡെസ്ക്
സെലന്‍സ്‌കി |ഫോട്ടോ:AFP
സെലന്‍സ്‌കി |ഫോട്ടോ:AFP

കീവ്: എട്ടായിരത്തിലധികം ഉത്തരകൊറിയൻ സൈനികർ നിലവിൽ റഷ്യയിലുണ്ടെന്നും പതിനായിരം സൈനികരെ കൂടി വിന്യസിക്കാൻ അവർ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി. റഷ്യയിലേക്കുള്ള ഉത്തരകൊറിയൻ സൈനികരുടെ പരിശീലനം സംബന്ധിച്ച പുതിയ വിവരങ്ങൾ ഉദ്ധരിച്ചാണ് സെലൻസ്‌കിയുടെ ആരോപണം.

റഷ്യയ്ക്കുവേണ്ടി പോരാടാൻ 50,000ത്തോളം ഉത്തര കൊറിയൻ സൈനികരെ അയച്ചേക്കാമെന്ന് ഓഗസ്റ്റിൽ യുക്രൈൻ പ്രസിഡന്റ് പറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹം യുക്രൈനിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന് പിന്തുണ നൽകണമെന്ന് ദക്ഷിണ കൊറിയയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

തുടർന്ന് ദക്ഷിണകൊറിയ യുക്രൈന് 100 ദശലക്ഷം ഡോളറിന്റെ സഹായ പാക്കേജ് ജൂലൈയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ തങ്ങൾ പിടികൂടിയ രണ്ട് ഉത്തരകൊറിയൻ സൈനികരെ ദക്ഷണികൊറിയയ്ക്ക് കൈമാറിയതായി കഴിഞ്ഞ ആഴ്ച സെലൻസ്‌കി പ്രസ്താവന നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നതയും ഉണ്ടായിരുന്നു.

കൈമാറ്റം രഹസ്യമായി സൂക്ഷിക്കാമെന്ന ധാരണ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണകൊറിയ സെലൻസ്‌കിയുടെ പ്രഖ്യാപനത്തിൽ ഖേദം പ്രകടിപ്പിച്ചു. യുക്രൈനും, ദക്ഷിണ കൊറിയയും നൽകുന്ന കണക്കുകൾ പ്രകാരം, 2024 മുതൽ റഷ്യയിലേക്ക് ഉത്തരകൊറിയ 15000ത്തോളം സൈനികരെ അയച്ചിട്ടുണ്ട്. യുക്രൈൻ മുന്നേറ്റത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നതിനായി ഇവരിൽ ഭൂരിഭാഗത്തേയും കുർസ്‌ക് മേഖലയിലാണ് വിന്യസിച്ചിരിക്കുന്നത്.

Content Highlights: Over 8,000 North Korean soldiers are currently stationed in Russia., Plans are underway to deploy an additional 10,000 troops., Most troops are deployed in the Kursk region to counter Ukrainian advances., South Korea previously announced a $100 million aid package for Ukraine.