യുഎസിന്റെ ശ്രദ്ധ ഇറാനിൽ, ഇത് 'സുവർണാവസരം'; വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തരകൊറിയ

പ്യോങ്‌യാങ്: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ഉത്തരകൊറിയയുടെ കിഴക്കൻ തീരത്തെ സിൻപോ നഗരത്തിന് സമീപത്തുനിന്നാണ് ഒന്നിലേറെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയയും ജപ്പാനും പറഞ്ഞു. ഇത് കൊറിയൻ ഉപദ്വീപിന് സമീപം സമുദ്രത്തിൽ പതിച്ചതായും ദക്ഷിണകൊറിയയും ജപ്പാനും അറിയിച്ചു.
ഏപ്രിൽ മാസത്തിൽ മാത്രം ഉത്തരകൊറിയ നടത്തുന്ന നാലാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഈ വർഷത്തെ ഏഴാമത്തേതും. അതേസമയം, ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന വിവരത്തിന് പിന്നാലെ ദക്ഷിണ കൊറിയയിൽ അടിയന്തര സുരക്ഷായോഗം ചേർന്നതായി ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
സൈനികശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നത്. അതേസമയം, ഇത്തരം പരീക്ഷണങ്ങൾ ഉത്തരകൊറിയയുടെ മിസൈൽ പദ്ധതിക്കെതിരെ യുഎൻ സുരക്ഷാ കൗൺസിൽ പാസാക്കിയ പ്രമേയങ്ങളുടെ ലംഘനമാണെന്നാണ് ദക്ഷിണകൊറിയയുടെ ആരോപണം. എന്നാൽ, യുഎന്നിന്റെ നിരോധനം നിലനിൽക്കെയും ഇതെല്ലാം നിരസിച്ച് ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ തുടരുകയാണ്. യുഎൻ സുരക്ഷാ കൗൺസിലിന്റെ തീരുമാനം സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നാണ് ഉത്തരകൊറിയയുടെ നിലപാട്.
അതിനിടെ, നിലവിൽ അമേരിക്ക ഇറാനിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ ഉത്തരകൊറിയ ഈ അവസരം പരാമവധി ഉപയോഗപ്പെടുത്തുകയാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. അമേരിക്കയുടെ ശ്രദ്ധമുഴുവനും ഇറാനിലായതിനാൽ തങ്ങളുടെ ആണവശക്തിയും മിസൈൽശേഷിയും നവീകരിക്കുന്നതിനുള്ള സുവർണാവസരമായാണ് ഉത്തരകൊറിയ ഇതിനെ കാണുന്നതെന്ന് ക്യുങ്‌നാം സർവകലാശാലയിലെ പ്രൊഫസർ ലിം യുൾ-ചുൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞമാസം ഉത്തരകൊറിയ തങ്ങളുടെ പുതിയ പടക്കപ്പലിൽനിന്ന് ക്രൂയിസ് മിസൈലുകളും പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ നേരിട്ടെത്തിയാണ് പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചത്. ഇതിനുപിന്നാലെ ഏപ്രിൽ ആദ്യവാരം മുതൽ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായും ജപ്പാനും ദക്ഷിണകൊറിയയും പറഞ്ഞിരുന്നു.
Content Highlights: North Korea conducted its 7th ballistic missile test of 2026., South Korea and Japan confirmed the launches near Sinpo., Analysts suggest North Korea is exploiting global focus on Iran to advance military capabilities., The tests violate UN Security Council resolutions.