മൊജ്തബ ഖമനേയിക്ക് ഉത്തരകൊറിയയുടെ പിന്തുണ; പിന്നാലെ മിസൈൽ പരീക്ഷണം; കിമ്മിനൊപ്പം മകളും

പ്യോങ്‌യാങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തര കൊറിയ. ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തതിനെ അംഗീകരിക്കുന്നു. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഇറാനിയൻ ജനതയുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പിനെയും ബഹുമാനിക്കുന്നതായും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട്‌ചെയ്തു. അതേസമയം, ഇറാനെതിരേ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളെയും ഉത്തര കൊറിയ കുറ്റപ്പെടുത്തി.
അമേരിക്കയും ഇസ്രയേലും മേഖലയിലെ സമാധാനവും സുരക്ഷയും നശിപ്പിക്കുകയാണ്. അവർ ലോകവ്യാപകമായി അസ്ഥിരത വർധിപ്പിക്കുന്നു. ഇസ്രയേലും യുഎസും ഇറാന്റെ രാഷ്ട്രീയ വ്യവസ്ഥയെയും പ്രാദേശിക അഖണ്ഡതയും ലംഘിക്കുകയാണ്. ഇറാന്റെ സാമൂഹികവ്യവസ്ഥയെ അവർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഉത്തര കൊറിയൻ വക്താവ് ആരോപിച്ചു.
അതിനിടെ, ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ വീണ്ടും ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായും സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ പടക്കപ്പലായ 'ച്യോ ഹ്യോനി'ൽനിന്നാണ് ഉത്തര കൊറിയ വീണ്ടും തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചത്. കഴിഞ്ഞയാഴ്ചയും ഉത്തര കൊറിയ സമാനമായ മിസൈൽ പരീക്ഷണം നടത്തിയിരുന്നു.
തന്റെ പിൻഗാമിയാകുമെന്ന് പറയുന്ന മകൾ ജും ഏയോയ്‌ക്കൊപ്പമാണ് കിം ജോങ് ഉൻ പുതിയ മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ചിത്രങ്ങളും ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തന്ത്രപരമായ ആക്രമണ മാർഗങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്നതിൽ സുപ്രധാന വിജയം കൈവരിച്ചെന്നാണ് മിസൈൽ പരീക്ഷണത്തിനുശേഷം കിം ജോങ് ഉൻ പ്രതികരിച്ചത്.
അതേസമയം, യുഎസും ദക്ഷിണകൊറിയയും തിങ്കളാഴ്ച സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം നടന്നതെന്നതും ശ്രദ്ധേയമാണ്. മിസൈൽ പരീക്ഷണത്തിലൂടെ ദക്ഷിണ കൊറിയയ്ക്കും യുഎസിനും ഉത്തര കൊറിയ ശക്തമായ മുന്നറിയിപ്പ് നൽകിയതാണെന്നും വിലയിരുത്തലുണ്ട്.
മകൾ ജും ഏയെ പിൻഗാമിയായി അവരോധിക്കാനുള്ള നീക്കങ്ങൾ കിം ജോങ് ഉൻ ആരംഭിച്ചതായാണ് ദക്ഷിണകൊറിയൻ ചാരസംഘടനകളുടെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായാണ് കിമ്മിനൊപ്പമുള്ള കൗമാരക്കാരിയായ ജും ഏയുടെ ചിത്രങ്ങൾ ഉത്തര കൊറിയ ഇടയ്ക്കിടെ പുറത്തുവിടുന്നതെന്നും ചാരസംഘടനകൾ പറയുന്നു. ഔദ്യോഗിക പരിപാടികൾ കിമ്മിനൊപ്പം മകൾ പങ്കെടുക്കുന്നതും പതിവായിട്ടുണ്ടെന്നും ചാരസംഘടനകൾ ചൂണ്ടിക്കാട്ടി.
Content Highlights: North Korea officially supports the selection of Mojtaba Khamenei as Iran's Supreme Leader., Pyongyang condemns US and Israeli interference in Iranian internal affairs., Kim Jong Un supervised new strategic cruise missile tests from a warship., Increased military activities coincide with US-South Korea joint drills., Ongoing reports suggest Kim Ju-ae is being positioned as the successor to Kim Jong Un.