ജീവനക്കാരെ നെഞ്ചിലിടിച്ചു, ജോലിസ്ഥലത്ത് പീഡനമുറകൾ; പീഡന ആരോപണത്തിൽ സെലിബ്രിറ്റി ഷെഫ് രാജിവെച്ചു

#News desk
റെനെ റെഡ്‌സെപ്പി| ഫോട്ടോ: AP
റെനെ റെഡ്‌സെപ്പി| ഫോട്ടോ: AP

കോപ്പൻഹാഗൻ: ലോകപ്രശസ്ത റസ്റ്ററന്റായ നോമയുടെ മുഖ്യ ഷെഫും സഹസ്ഥാപകനുമായ റെനെ റെഡ്‌സെപ്പി രാജിവെച്ചു. ജീവനക്കാരോട് മോശമായി പെരുമാറുകയും ജോലിസ്ഥലത്ത് പീഡനമുറകൾ സ്വീകരിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങളെത്തുടർന്നാണ് റെനെയുടെ  നാടകീയമായ പടിയിറക്കം.

ഡെന്മാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോമ, അഞ്ച് തവണ ലോകത്തിലെ ഏറ്റവും മികച്ച റസ്റ്ററന്റായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ്. റെനെ റെഡ്‌സെപ്പി ജീവനക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ‘എന്റെ പെരുമാറ്റം മൂലമുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ ഓടിയൊളിക്കുന്നില്ല. ഇവിടെയുള്ളവരെ സംരക്ഷിക്കാനാണ് ഞാൻ മാറിനിൽക്കുന്നത്’ എന്ന് റെനെ വീഡിയോയിൽ പറയുന്നുണ്ട്. താൻ സ്ഥാപിച്ച മാഡ് എന്ന സന്നദ്ധ സംഘടനയുടെ ബോർഡിൽ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.

35-ഓളം മുൻ ജീവനക്കാരാണ് റെനെയ്‌ക്കെതിരെ മൊഴി നൽകിയത്.  ഭക്ഷണം തയ്യാറാക്കുന്നതനിടിയിൽ പൂവിതളിൽ ചെറിയ പാട് വീണതിന് ഒരു പാചകക്കാരനെ ഭിത്തിയിൽ ചേർത്തുനിർത്തി വയറ്റിൽ ഇടിച്ചതായി ആരോപണമുണ്ട്. ജീവനക്കാരെ വരിയായി നിർത്തി നെഞ്ചിൽ ഇടിച്ചതായും മുൻ ജീവനക്കാർ പറയുന്നു. സ്ഥിരമായി അലറുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്ന രീതി റെനെക്കുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ഇയാളുടെ കീഴിൽ ജോലിക്ക് പോകുന്നത് യുദ്ധത്തിന് പോകുന്നതുപോലെയായിരുന്നു എന്നും മുൻ ജീവനക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. 

റെനെ രാജിവെച്ചെങ്കിലും നോമ റസ്റ്ററന്റ് പ്രവർത്തനം തുടരുമെന്നാണ് വിവരം.  വിവാദങ്ങളെത്തുടർന്ന് സ്ഥാപനത്തിൽ ചില നിർണ്ണായക മാറ്റങ്ങൾ നോമ കൊണ്ടുവന്നിട്ടുണ്ട്. ജോലിസ്ഥലത്തെ സാഹചര്യങ്ങൾ പരിശോധിക്കാൻ സ്വതന്ത്രമായ ഓഡിറ്റിങ് നടത്തും. ശമ്പളമില്ലാത്ത ഇന്റേൺഷിപ്പുകൾ നിർത്തലാക്കി. ആഴ്ചയിൽ നാല് ദിവസത്തെ ജോലി എന്ന രീതി നടപ്പിലാക്കി. നേതൃത്വത്തിലുള്ളവർക്ക് പ്രത്യേക പരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള റസ്റ്റോറന്റുകളിൽ ഒന്നാണ് നോമ. മൂന്ന് മിഷെലിൻ സ്റ്റാറുകൾ സ്ഥാപനത്തിനുണ്ട്. വ്യത്യസ്തമായ വിഭവങ്ങൾ മികച്ച രീതിയിൽ വിളമ്പുന്ന ലോകോത്തര റസ്റ്ററന്റുകൾക്ക് നൽകുന്ന അവാർഡാണ് മിഷെലിൻ സ്റ്റാർ. പാചകത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, രുചിക്കൂട്ടുകളുടെ കോമ്പിനേഷൻ, പാചകരീതി, പാചകം ചെയ്യുന്ന ഷെഫിന്റെ വ്യക്തിത്വം എന്നിവ അടിസ്ഥാനമാക്കിയാണ് മിഷെലിൻ സ്റ്റാർ അവാർഡുകൾ നൽകുന്നത്.

Content Highlights: Rene Redzepi resigns as Noma head chef following systemic abuse claims.