‘ഇനി രാജ്യത്ത് പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’; പ്രഖ്യാപിച്ച് നിക്കരാഗ്വയിലെ ഒർട്ടേഗ

നിക്കരാഗ്വ എന്ന രാജ്യത്തേക്കുറിച്ചും അവിടത്തെ ഒർട്ടേഗ എന്ന നേതാവിനേക്കുറിച്ചും മലയാളി മുൻപേ കേട്ടിട്ടുണ്ട്. 'നിക്കരാഗ്വയിലെ ഒർട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക അവിടെ ഒരു പാവ ഗവൺമെന്റിനെ പ്രതിഷ്ഠിച്ചു' എന്ന് ‘സന്ദേശം’ എന്ന സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആരും മറക്കാനിടയില്ല. ‘സന്ദേശം’ ഇറങ്ങിയിട്ട് 35 വർഷം പിന്നിടുമ്പോഴും നിക്കരാഗ്വയിൽ ഒർട്ടേഗ തന്നെയാണ് വാർത്താതാരം. രാജ്യത്ത് ഇനി തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ പ്രഖ്യാപനമാണ് നിക്കാരാഗ്വയിൽനിന്നുള്ള ഏറ്റവും പുതിയ വാർത്ത.
ഏറെക്കാലമായി നിക്കരാഗ്വയിൽ നടക്കുന്നത് കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായ ഒർട്ടേഗയുടെ ഏകാധിപത്യ ഭരണമാണ്. അതിന്റെ അവസാന പടിയെന്ന നിലയിലാണ് ഭരണഘടനാ ഭേദഗതികളും തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന പ്രഖ്യാപനവും. പ്രതിപക്ഷ നേതാക്കളെയും വിമർശകരെയും തിരഞ്ഞെടുപ്പിൽ നിന്ന് പൂർണമായി വിലക്കുന്നതിനും തന്റെ ഭരണകാലാവധി വീണ്ടും നീട്ടുന്നതിനുമായി പുതിയ ഭരണഘടനാ ഭേദഗതി നിർദ്ദേശം അദ്ദേഹം പാർലമെന്റിൽ സമർപ്പിച്ചു. ഭാര്യയും വൈസ് പ്രസിഡന്റുമായ റോസാരിയോ മുറില്ലോയോടൊപ്പം രാജ്യത്തിന്റെ അധികാരം പൂർണമായി കൈപ്പിടിയിൽ നിർത്താനുള്ള ഓർട്ടേഗയുടെ നീക്കങ്ങളുടെ ഭാഗമാണിത്.
പ്രസിഡന്റിന്റെ കാലാവധി ആറ് വർഷത്തിൽനിന്ന് ഏഴ് വർഷമായി ഉയർത്താനാണ് നിർദ്ദേശം. മുൻപ് ഇത് അഞ്ച് വർഷമായിരുന്നു. ഭേദഗതിയിലൂടെ കഴിഞ്ഞ വർഷം അദ്ദേഹം ആറ് വർഷമാക്കുകയും ഭാര്യ റോസാരിയോ മുറില്ലോയെ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കുകയുമായിരുന്നു. ആറ് വർഷത്തെ കാലാവധി 2026-ൽ കഴിയേണ്ടതായിരുന്നു. എന്നാൽ, പുതിയ നീക്കത്തിലൂടെ തന്റെ കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്. അതിന് ശേഷവും തുടരുന്നതിനാണ് പ്രതിപക്ഷ നേതാക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കംനടത്തുന്നത്.
പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്നും അട്ടമറിക്കാർ എന്നും മുദ്രകുത്തുകയും ഭാവിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിലും അവരെ മത്സരിക്കാൻ അനുവദിക്കില്ലെന്നമാണ് ഭേദഗതി നിർദ്ദേശത്തിൽ പറയുന്നത്. സെപ്റ്റംബറോടെ പാർലമെന്റ് ഭേദഗതികൾ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ തിരഞ്ഞെടുപ്പ് തന്നെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഒർട്ടേഗ നടത്തുന്നത്.
പ്രതിപക്ഷം അധികാരം പിടിച്ചെടുക്കുന്നത് തടയാൻ തിരഞ്ഞെടുപ്പുകൾ നിർത്തിവെക്കേണ്ടിവരുമെന്ന് ഓർട്ടേഗ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ജൂലൈ 19-ന് ‘സാന്തനിസ്ത’ വിപ്ലവത്തിന്റെ 47-ാം വാർഷികാഘോഷ വേളയിലാണ് നിക്കാരാഗ്വയിൽ ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന് ഡാനിയൽ ഒർട്ടേഗ പ്രഖ്യാപിച്ചത്.
2018 ഏപ്രിലിൽ നടന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശേഷം രാജ്യത്തെ സിവൽസമൂഹത്തിനും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ ശക്തമായ നടപടികളാണ് ഓർട്ടേഗ സ്വീകരിച്ചുവരുന്നത്. എതിരാളികളെ അമേരിക്കൻ പിന്തുണയുള്ള ഗൂഢാലോചനക്കാരെന്നും രാജ്യദ്രോഹികളെന്നുമാണ് ഒർട്ടേഗ വിശേഷിപ്പിക്കുന്നത്.
നിക്കരാഗ്വയിലെ പുതിയ ഭരണഘടനാ ഭേദഗതി നീക്കത്തെ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ തുടങ്ങിയവർ അപലപിച്ചിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധങ്ങളും രൂക്ഷമായ വിമർശനങ്ങളും നേരിടുമ്പോഴും റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെയാണ് ഓർട്ടേഗ ഭരണം തുടരുന്നത്.
ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ നിരീക്ഷിക്കുന്ന വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം, ലാറ്റിനമേരിക്കയിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ ഭരണകൂടം നിക്കരാഗ്വയിലേതാണ്.
Content Highlights: Daniel Ortega declares an end to future elections in Nicaragua., Proposed constitutional amendments extend the presidential term from six to seven years., Political opponents and critics are being labeled as traitors to prevent them from running for office., Ortega and his wife, Vice President Rosario Murillo, are consolidating absolute power., International condemnation from the US, EU, and UN amid support from Russia and China.