'ഈ ചിത്രങ്ങൾ കാണുമ്പോൾ പേടികൊണ്ട് അമേരിക്കക്കാരന്റെ നട്ടെല്ല് തരിക്കും; US-ന്റേത് പെട്ടിയിലായ അവസ്ഥ'

ഷാങ്ഹായ്: അമേരിക്കയുടെ താരിഫ് ഉള്‍പ്പെടെയുള്ള അപക്വമായ നയങ്ങള്‍ക്കു പിന്നാലെ ഒരു നവലോകക്രമം രൂപപ്പെടുകയാണെന്ന വിലയിരുത്തലുകള്‍ ശക്തമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യയുടെ വ്‌ളാദിമിര്‍ പുതിന്‍, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എന്നിവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഈയൊരു പുതിയ ലോകക്രമത്തിന്റെ ചര്‍ച്ചകള്‍ക്ക് ആഴം പകര്‍ന്നിരിക്കുന്നു.
അടുത്തിടെ സമാപിച്ച ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പുഞ്ചിരിച്ചും സൗഹൃദം പങ്കിട്ടും ക്യാമറയില്‍ പതിഞ്ഞ ഈ നേതാക്കള്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കനത്ത തീരുവകള്‍ക്ക് ഇരയായ രാജ്യങ്ങളെയാണ് പ്രതിനിധാനം ചെയ്തത്. തെല്ലു ഭയത്തോടെയല്ലാതെ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഈ ചിത്രങ്ങള്‍ കണ്ടിരിക്കാനാവില്ല. യുഎസ് രാഷ്ട്രീയ നിരീക്ഷകനായ വാന്‍ ജോണ്‍സിന്റെ വാക്കുകളില്‍നിന്നുതന്നെ ഇത് വ്യക്തം. ഓരോ അമേരിക്കക്കാരന്റെയും നട്ടെല്ലിലൂടെ ഭയത്തിന്റെ തണുപ്പ് പടര്‍ത്തും ഈ ചിത്രമെന്ന് അദ്ദേഹം പറയുന്നു.
'ഷി ജിന്‍പിങ്ങിനൊപ്പം പുതിന്‍, നരേന്ദ്ര മോദി, ഇറാന്റെ നേതാവ്, ഉത്തരകൊറിയന്‍ നേതാവ് എന്നിവര്‍ ഒരുമിച്ചുനില്‍ക്കുന്ന ചിത്രം ഓരോ അമേരിക്കക്കാരന്റെയും നട്ടെല്ലിലൂടെ ഒരു ഭയത്തിന്റെ തണുപ്പ് പടര്‍ത്തേണ്ടതാണ്. അതിനാല്‍ ചരിത്രപരമായി ഈ ദിവസത്തെ വലിയൊരു സംഭവമായി നാം തിരിഞ്ഞുനോക്കും', വാന്‍ ജോണ്‍സ് സിഎന്‍എന്നിനോട് പറഞ്ഞു. ഈ ഒത്തുചേരലിനെ പുതിയൊരു ലോകക്രമത്തിന്റെ സൂചനയായും അദ്ദേഹം വിശേഷിപ്പിച്ചു.
എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പുതിന്‍, ഷി ജിന്‍പിങ് എന്നിവര്‍ ഒന്നിച്ചുചേര്‍ന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ വൈറലായിരുന്നു. മൂവരും സൗഹൃദസംഭാഷണത്തിലേര്‍പ്പെടുന്നതും പുഞ്ചിരിക്കുന്നതും അഭിവാദ്യം ചെയ്യുന്നതുമൊക്കെയായുള്ള ചിത്രം ലോകം വളരെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. മോദിയും പുതിനും ഷി ജിന്‍പിങ്ങിനെ അഭിവാദ്യം ചെയ്യുന്നത്, മോദി പുതിനെ ആലിംഗനം ചെയ്യുന്നത്, മൂവരും തോളോടുതോള്‍ ചേര്‍ന്ന് നടക്കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് വൈറലായത്. ഇതൊരു പുതിയ ലോകക്രമമാണെന്നും അവര്‍ അതിനെ ബഹുമുഖ ലോകം എന്നാണ് വിളിക്കുന്നതെന്നും വാന്‍ ജോണ്‍സ് കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യലോകം ഒരു പെട്ടിയില്‍ അകപ്പെട്ട അവസ്ഥ എന്നാണ് ഞാന്‍ അതിനെ സ്വയം വിളിക്കുന്നതെന്നും ജോണ്‍സ് പറഞ്ഞു.
യുഎസിനെതിരേ നിലകൊള്ളുന്ന രാഷ്ട്രങ്ങളുടെ അധിപന്മാരുടെ ഈ കൂടിച്ചേരലിനെ പല മാനങ്ങളിലൂടെയാണ് ലോകം സമീപിച്ചത്. യുഎസ് വിരുദ്ധരായ ഇറാന്‍, ഉത്തര കൊറിയ, ചൈന, റഷ്യ എന്നീ നാല് രാജ്യങ്ങളുടെ ഒത്തുചേരലായി ഇതിനെ നോക്കിക്കണ്ടവരുണ്ട്. പുതിനും ഷി ജിന്‍പിങ്ങും തമ്മിലുള്ള സൗഹൃദം യുഎസിന് ഒട്ടും ആശാസ്യകരമായിരിക്കില്ലെന്ന് കരുതിയവരുണ്ട്. തീരുവ ഉപയോഗിച്ച് ഇന്ത്യയെ ഞെട്ടിക്കാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് മോദി നല്‍കുന്ന കനത്ത സന്ദേശമായും ഇതിനെ കാണുന്നവര്‍ ഏറെ. ചൈനയുമായി അതിര്‍ത്തി തര്‍ക്കങ്ങളുണ്ടെങ്കില്‍പ്പോലും, ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഒരുമിച്ച് നേരിടുമെന്ന സന്ദേശമാണ് മോദി നല്‍കിയത്.
Content Highlights: Shifting Global Dynamics: Asian Leaders Signal New World Order at SCO Summit