മസ്‌കിന് നന്ദി, അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടരും; ആദ്യ ട്വിറ്റുമായി പുതിയ സി.ഇ.ഒ.

സാന്‍ ഫ്രാന്‍സിസ്‌കോ: സി.ഇ.ഒ. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ആദ്യ ട്വിറ്റുമായി ട്വിറ്റര്‍ മേധാവി ലിന്‍ഡ യക്കരിനോ. മുന്‍ സി.ഇ.ഒ. ഇലോണ്‍ മസ്‌കിന് നന്ദിയറിയിച്ച് കൊണ്ടായിരുന്നു ലിന്‍ഡയുടെ ട്വീറ്റ്. മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദര്‍ശങ്ങളുമാണ് തന്നെ പ്രചോദിപ്പിച്ചുവെന്നും മസ്‌കിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടു വരാന്‍ മസ്‌കിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ലിന്‍ഡ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ സി.ഇ.ഒ. ആയി ലിന്‍ഡ യാക്കരിനോയെ തിരഞ്ഞെടുത്തതായി മസ്‌ക് പ്രഖ്യാപിച്ചത്. പ്രോഡക്ട് ഡിസൈന്‍, പുതിയ സാങ്കേതിക വിദ്യ എന്നിവ താന്‍ തന്നെയാകും കൈകാര്യം ചെയ്യുകയെന്നും മസ്‌ക് വ്യക്തമാക്കി.
പ്രമുഖ മാധ്യമഗ്രൂപ്പായ എന്‍.ബി.സി. യൂണിവേഴ്സലില്‍ ഒരു ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന ലിന്‍ഡ യാക്കരിനോ നിലവില്‍ കമ്പനിയുടെ ആഗോളപരസ്യവിഭാഗത്തിന്റെ മേധാവിയാണ്. പരസ്യാധിഷ്ഠിത സംപ്രേഷണത്തിനായി 'പീക്കോക്ക് സ്ട്രീമിങ് സര്‍വീസി'ന് തുടക്കമിട്ടത് ലിന്‍ഡയുടെ നേതൃത്വത്തിലാണ്. ഇതിനുമുമ്പ് ടേണര്‍ എന്റര്‍ടെയ്ന്‍മെന്റില്‍ 19 വര്‍ഷം സേവനമനുഷ്ഠിച്ചു. പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ലിബറല്‍ ആര്‍ട്സിലും ടെലികമ്യൂണിക്കേഷനിലും ബിരുദം നേടിയ ലിന്‍ഡ, കഴിഞ്ഞമാസം മയാമിയില്‍ നടന്ന പരസ്യമേഖലയിലെ ഒരു സമ്മേളനത്തിനിടെ മസ്‌കിനെ അഭിമുഖം ചെയ്തിരുന്നു. 2022-ല്‍ 'വുഷി റണ്‍സ് ഇറ്റ്' വുമന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ബിസിനസ് വീക്കിന്റെ 'സി.ഇ.ഒ. ഓഫ് ടുമോറോ' പുരസ്‌കാരവും നേടി.
കഴിഞ്ഞ ഒക്ടോബറിലാണ് സാമൂഹികമാധ്യമമായ ട്വിറ്റര്‍ 3.6 ലക്ഷം കോടിരൂപയ്ക്ക് മസ്‌ക് ഏറ്റെടുത്തത്. പിന്നീട് ഒട്ടേറെ വിവാദപരിഷ്‌കാരങ്ങള്‍ ട്വിറ്ററില്‍ നടപ്പാക്കിയതിന്റെ പേരില്‍ അദ്ദേഹം പുലിവാലുപിടിച്ചിരുന്നു. വിമര്‍ശനം രൂക്ഷമായതോടെ താന്‍ സി.ഇ.ഒ. ആയി തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച് മസ്‌ക് അഭിപ്രായവോട്ടെടുപ്പ് നടത്തി. 1.7 കോടി ഉപയോക്താക്കള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 57.5 ശതമാനവും ട്വിറ്റര്‍ തലപ്പത്ത് മസ്‌ക് വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. ഇതിനുപിന്നാലെ വാക്കുപാലിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Content Highlights: twitter, new ceo, linda yaccarino, elon musk, first tweet