നരേന്ദ്രമോദിയോട് സംസാരിച്ചു, ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് നന്ദി പറഞ്ഞു -ബെഞ്ചമിൻ നെതന്യാഹു | വീഡിയോ

ടെൽ അവീവ്: ഇറാനുമായുള്ള രൂക്ഷമായ സംഘർഷം തുടരവെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നരേന്ദ്രമോദിയോട് സംസാരിച്ചുവെന്നും ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് അദ്ദേഹത്തെ നന്ദി അറിയിച്ചുവെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ മിസൈൽ ആക്രമണമുണ്ടായ ഇസ്രയേലിലെ ബെയ്ത്ത് ഷെമേഷിൽ വെച്ച് എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു നെതന്യാഹു.
'എന്റെ പ്രിയസുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചു. കഴിഞ്ഞദിവസം അദ്ദേഹവുമായി ദീർഘമായ സംഭാഷണം നടത്തി. ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. സത്യത്തിന്റെ കൂടെ നിൽക്കുന്നതിന്, ഒപ്പം ഇന്ത്യയിലെ ജനങ്ങളുടെ സൗഹൃദത്തിനും. അവർ ഇസ്രയേലിൽ വളരെയധികം സ്‌നേഹിക്കപ്പെടുന്നു. മോദിയുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഞാൻ പറയുന്നില്ല; പക്ഷേ ഞാൻ അദ്ദേഹവുമായി സംസാരിച്ചു. മേഖലയിലും പുറത്തുമുള്ള മറ്റ് ഒരുപാട് നേതാക്കളുമായും ഞാൻ സംസാരിച്ചു.' -ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേലും യുഎസ്സും ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിച്ചത്. സന്ദർശനത്തിനിടെ ഇസ്രയേലി പാർലമെന്റിൽ മോദി പ്രസംഗിച്ചിരുന്നു. കൂടാതെ നിരവധി കരാറുകളിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവെച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായ യുപിഐ ഇസ്രയേലിൽ ഉപയോഗിക്കുന്നതിനുള്ള കരാറിലെത്തിയെന്ന് അന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു.
ഇസ്രയേൽ, യുഎസ്-ഇറാൻ സംഘർഷം
അതേസമയം ഇസ്രയേൽ, യുഎസ്-ഇറാൻ സംഘർഷം തുടരുകയാണ്. ഇറാന്റെ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബഹ്റൈനിൽ തിങ്കളാഴ്ച പുലർച്ചെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു. ഏഷ്യൻ സ്വദേശിയാണ് മരിച്ചത്. പ്രദേശത്തെ സൽമൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശ കപ്പലിന് തീപ്പിടിച്ചു. അഗ്‌നിബാധയിൽ രണ്ട് പേർക്ക് പരിക്കേറ്റു.
Also Read: യുഎസിന്റെ വിമാനവാഹിനിക്കപ്പലിനെ ആക്രമിച്ചെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക
ഒമാനിലെ മസ്‌കറ്റിൽ കപ്പലിന് നേരെ ആക്രമണമുണ്ടായി. സുൽത്താൻ ഖാബൂസ് തുറമുഖത്താണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. സംഭവത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. 21 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ളവർക്ക് നേരിയ പരിക്കേറ്റു.
കുവൈത്ത് മഹ്ബൂലയിൽ തിങ്കളാഴ്ച രാവിലെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. പുലർച്ചെ മൂന്നു മണി മുതൽ സൈറൺ കേൾക്കുന്നുണ്ടെന്ന് പ്രവാസികൾ പറഞ്ഞു. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. കുവൈത്തിൽ നിരവധിയിടങ്ങളിൽ ഡ്രോൺ ആക്രമണശ്രമം നടന്നതായാണ് വിവരം. മെഹ്ബൂല, അമ്മദി, മങ്കഫ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.
Don’t Miss: പ്രതികാരത്തിന്റെ അടയാളം; ജംകരാൻ പള്ളിയിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ, വരുന്നത് കനത്ത ആക്രമണമോ?
കുവൈത്തിലെ അമേരിക്കൻ എംബസിയ്ക്ക് സമീപം അമേരിക്കയുടെ ഒന്നിലധികം യുദ്ധ വിമാനങ്ങൾ തകർന്ന് വീണെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രദേശത്തുനിന്നും കനത്ത പുക ഉയർന്നിരുന്നു. യുദ്ധവിമാനത്തിലെ സൈനികരെല്ലാം സുരക്ഷിതരെന്നും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ യുഎസ് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ അരാംകോ റാസ് തനുര റിഫൈനറിയിൽ ഡ്രോൺ ആക്രമണമുണ്ടായി. റിഫൈനറി അടച്ചിരിക്കുകയാണ്.
Also Read: നെതന്യാഹുവും ട്രംപും തെമ്മാടികൾ, മറ്റുള്ളവരെ കൂടി യുദ്ധത്തിലേക്ക് വലിച്ചിഴച്ചു -ജാവേദ് അക്തർ
യു.എ.ഇയിൽ നിലവിൽ സ്ഥിതി സുരക്ഷിതമാണ്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. യു.എ.ഇയിലും ജി.സി.സി രാജ്യങ്ങളിലും ഉണ്ടായ ഇറാൻ ആക്രമണങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു. യു.എ.ഇയിൽ മിസൈൽ അവശിഷ്ടങ്ങൾ ദേഹത്തുവീണ് ശനി, ഞായർ ദിവസങ്ങളിലായി മൂന്ന് പേർ മരിച്ചിരുന്നു. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് മരിച്ചത്. കുവൈത്തിലും ഞായറാഴ്ച ഒരാൾ മരിച്ചിരുന്നു.
Content Highlights: Israel PM Benjamin Netanyahu expressed gratitude to PM Narendra Modi for standing with Israel during the conflict with Iran. Speaking to NDTV, Netanyahu highlighted their long conversation and the strong friendship between both nations.