തിരഞ്ഞെടുപ്പിന് തലേന്ന് ഇറാനിൽ ആക്രമണംനടത്താൻ നെതന്യാഹുവും മൊസാദും പദ്ധതിയിട്ടു; യുഎസ് അറിഞ്ഞു, തടഞ്ഞു

#ന്യൂസ് ഡെസ്ക്
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മൊസാദ് ഡയറക്ടര്‍ റോമന്‍ ഗോഫ്മാനും |ജൂണില്‍ നെതന്യാഹുവിന്റെ ഓഫീസ് പങ്കുവെച്ച ചിത്രം
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മൊസാദ് ഡയറക്ടര്‍ റോമന്‍ ഗോഫ്മാനും |ജൂണില്‍ നെതന്യാഹുവിന്റെ ഓഫീസ് പങ്കുവെച്ച ചിത്രം

ടെൽ അവീവ്: ഒക്ടോബർ 27-ലെ ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ വിശ്വസ്തനായ മൊസാദ് മേധാവി റോമൻ ഗോഫ്മാനും ഇറാനെതിരെ ഒരു സൈനിക നീക്കത്തിന് ശ്രമിച്ചിരുന്നതായി  ഇസ്രയേലി മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇസ്രായേലി സുരക്ഷാ വിഭാഗത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ഈ നീക്കത്തെ പിന്തുണച്ചിരുന്നില്ല. ഇത് വലിയൊരു സംഘർഷത്തിന് കാരണമാകുമെന്നും തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

എന്നാൽ, ഇതെല്ലാം അവഗണിച്ച് രഹസ്യ നീക്കത്തിനായുള്ള പദ്ധതികളുമായി നെതന്യാഹുവും മൊസാദ് മേധാവിയും മുന്നോട്ട് പോയി. ഒടുവിൽ, ഇസ്രായേലി സുരക്ഷാ ഏജന്റുമാരിൽ ഒരാൾക്ക് സംഭവിച്ച അബദ്ധം മൂലം ഈ നീക്കത്തെക്കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിക്കുകയും അവർ പെട്ടെന്നുതന്നെ ഇടപെട്ട് ആക്രമണ പദ്ദതി തടയുകയും ചെയ്തുവെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തു. സൈനിക സെൻസർഷിപ്പുകളുടെ പരിമിതികളിലാണ് തങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ചാനൽ 12 വ്യക്തമാക്കുന്നു.

എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് നിഷേധിച്ചു. ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു ആക്രമണം അജണ്ടയിൽ ഇല്ലായിരുന്നുവെന്ന് പ്രധാനമന്ത്രിതന്നെ വ്യക്തമാക്കിയതാണെന്ന് അവർ അറിയിച്ചു. നെതന്യാഹുവിന്റെ കടുത്ത വിമർശകനും മുൻ പ്രധാനമന്ത്രിയുമായ എഹൂദ് ബാരകും ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചാനൽ 12 പറയുന്നു.

ഇസ്രായേൽ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് നെതന്യാഹുവും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീറും തമ്മിൽ തർക്കം ഉണ്ടായതായും ചാനൽ 12 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനെതിരെ ഒരു സൈനിക നടപടിക്ക് പ്രധാനമന്ത്രി നൽകിയ നിർദ്ദേശത്തെത്തുടർന്നായിരുന്നു ഇത്. അതിന്റെ തുടർച്ചയായിരുന്നു ഈ സംഭവമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ നേട്ടത്തിനായി ഇറാൻ വിഷയം ഉപയോഗപ്പെടുത്താൻ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നുണ്ടോ എന്ന ആശങ്ക സൈനിക മേധാവികൾക്കിടയിലുണ്ടെന്നും ചാനൽ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാനെതിരായ ആക്രമണത്തിന് നെതന്യാഹു ശ്രമിച്ചിരുന്നതായി നേരത്തെ ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Content Highlights: Benjamin Netanyahu and the Mossad chief planned a secret military action against Iran ahead of the October 27 election., Top Israeli security officials opposed the move fearing major conflict and election interference., US intelligence discovered the plan due to an agent's mistake and intervened to stop it., The Israeli Prime Minister's Office officially denied the report.