'ഇന്ത്യയുടെ പിന്തുണ അതിശക്തം'; അമേരിക്കയുമായി മാത്രമല്ല ഇസ്രായേലിന്റെ സഖ്യമെന്ന് നെതന്യാഹു

ജെറൂസലേം: ഇസ്രായേലിന് ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും അമേരിക്ക മാത്രമല്ല തങ്ങളുടെ കരുത്തരായ സഖ്യകക്ഷിയെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ഏക ശക്തമായ സഖ്യകക്ഷിയെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ അവകാശവാദത്തിന് മറുപടിയായാണ് നെതന്യാഹുവിന്റെ ഈ പരാമർശം. 140 കോടി ജനങ്ങളുള്ള ഇന്ത്യയെപ്പോലുള്ള വലിയ സുഹൃത്തുക്കൾ തങ്ങൾക്കുണ്ടെന്ന് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിൽ ഇന്ത്യക്കാരിൽ നിന്ന് തനിക്ക് ശക്തമായ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ഇന്ത്യയെ ഒരു ആഗോള ശക്തിയായും വിശേഷിപ്പിച്ചു. ഈ വർഷം ഫെബ്രുവരിയിൽ മോദി ഇസ്രായേൽ സന്ദർശിച്ചപ്പോൾ, ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഈ സന്ദർശനം.
ലോകത്ത് ഇസ്രായേലിനോട് അനുഭാവം കാണിക്കുന്ന ഏക ഭരണത്തലവൻ ഡൊണാൾഡ് ട്രംപ് ആണെന്നും അമേരിക്ക നൽകുന്ന ആയുധങ്ങളും നികുതിപ്പണവുമാണ് ഇസ്രായേലിനെ സംരക്ഷിക്കുന്നതെന്നുമാണ് ജെ.ഡി വാൻസ് പറഞ്ഞത്. എന്നാൽ വാൻസിനോട് ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളോടും യോജിക്കാനാവില്ലെന്ന് നെതന്യാഹു പ്രതികരിച്ചു. ഇസ്രായേലിന്റെ സൈനിക മികവും എഐ, സൈബർ വൈദഗ്ധ്യവും പഠിക്കാൻ മറ്റ് രാജ്യങ്ങൾ തങ്ങളെ സമീപിക്കാറുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കൻ ഭരണകൂടവും ഇസ്രായേലും തമ്മിൽ അടുത്ത കാലത്തായി ഭിന്നതകൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകളെ തുടർന്നാണ് നെതന്യാഹുവിന്റെ പരാമർശങ്ങളെന്നതാണ് ശ്രദ്ധേയം. ഇറാനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്കിടയിലും ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കങ്ങൾ ഇസ്രായേൽ തുടരുന്നത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ട്രംപ് നെതന്യാഹുവിനെതിരെ മുൻപ് മോശം പരാമർശങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായുള്ള ബന്ധത്തെ എടുത്തുപറഞ്ഞുകൊണ്ട് അമേരിക്കൻ സമ്മർദ്ദത്തിന് നെതന്യാഹു മറുപടി നൽകിയിരിക്കുന്നത്.
Content Highlights: Netanyahu identifies India as a major strategic partner beyond the US., Rebuttal to JD Vance's claim regarding Israel's sole reliance on America., Recognition of PM Narendra Modi as a personal friend and global leader., Israel's focus on technological, AI, and cyber expertise as global assets.