വാട്സാപ്പും ഇന്‍സ്റ്റയും എഫ്ബിയുമില്ല; എന്നിട്ടും നേപ്പാള്‍ 'ജെന്‍ സീ' പ്രക്ഷോഭകർ സംഘടിച്ചതെങ്ങനെ?

കാഠ്മണ്ഡു: ജെന്‍ സീ നയിച്ച പ്രതിഷേധം അതിന്റെ അന്തിമഫലത്തിലേക്കടുക്കെ സൈന്യം നേപ്പാളില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചുതുടങ്ങി. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. ദിവസങ്ങളോളം സാമൂഹിക മാധ്യമങ്ങള്‍ തടഞ്ഞിട്ടിട്ടും ഇത്രയും വലിയ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും സംഘടിപ്പിക്കാന്‍ ജെന്‍ സീ പ്രക്ഷോഭകര്‍ക്ക് എങ്ങനെ സാധിച്ചു?
തെരുവുകളില്‍ പ്രക്ഷോഭം ആളിപ്പടരും മുമ്പ് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നേപ്പാള്‍ നിരോധിച്ചിരുന്നു. എങ്കിലും, ടിക് ടോക്ക് പോലുള്ള ചില പ്ലാറ്റ്‌ഫോമുകള്‍ അപ്പോഴും കംപ്യൂട്ടറിലും ഫോണിലും ലഭ്യമായിരുന്നു. നിയന്ത്രണങ്ങള്‍ക്കിടയിലും നേപ്പാള്‍ യുവത അതൊക്കെ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായി ഒപ്പം കൂട്ടി.
കംപ്യൂട്ടറുകളെയും സെര്‍വറുകളെയും ബന്ധിപ്പിക്കുന്ന വിപിഎന്‍(വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക്) നേപ്പാള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നില്ല. സ്വിസ് ആസ്ഥാനമായ വിപിഎന്‍ ദാതാവായ പ്രോട്ടോണ്‍ പറയുന്നത്, നേപ്പാളില്‍നിന്നുള്ള പ്രോട്ടോണ്‍ വിപിഎന്‍ സൈന്‍-അപ്പുകള്‍ കുതിച്ചുയര്‍ന്നുവെന്നാണ്. വെറും മൂന്ന് ദിവസത്തിനുള്ളില്‍ 500 മുതല്‍ 68,000 ശതമാനം വരെ വര്‍ധന. സെപ്റ്റംബര്‍ മൂന്നിന് രജിസ്ട്രേഷനുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയെന്നും സാമൂഹിക മാധ്യമ വിലക്ക് നടപ്പാക്കിയതോടെ അത് കുതിച്ചുയര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ദിവസം വിപിഎന്‍ രജിസ്ട്രേഷന്‍ ഉയര്‍ന്നത് 8000 ശതമാനമാണ്. ലൊക്കേഷന്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ആളുകളെ അനുവദിക്കുന്ന വിപിഎന്‍ സേവനങ്ങള്‍, ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രധാന ഉപകരണമായി മാറി.
മിക്ക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളും തടഞ്ഞെങ്കിലും, പ്രാദേശികമായി രജിസ്റ്റര്‍ ചെയ്യുകയും നേപ്പാളിലെ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവുകയും ചെയ്തതിനാല്‍ ടിക് ടോക്ക് ഓണ്‍ലൈനില്‍ തുടര്‍ന്നു. ഇത് പ്രക്ഷോഭകര്‍ക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വിവരങ്ങള്‍ പ്രചരിപ്പിക്കാനും പ്രതിഷേധത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കാനുമുള്ള പ്രധാന ഉപാധിയായി മാറി. ഒരു ജനപ്രിയ ടിക് ടോക്ക് അക്കൗണ്ട് ഇതില്‍ ഒരു പ്രധാന പങ്ക് വഹിച്ചതായി പറയപ്പെടുന്നു. ഈ അക്കൗണ്ടിലൂടെ ഒത്തുചേരാന്‍ ആഹ്വാനം ചെയ്യുകയും കാഠ്മണ്ഡുവില്‍നിന്ന് തത്സമയ വിവരങ്ങള്‍ നല്‍കുകയും ചെയ്തു.
ഈ ദിവസങ്ങളില്‍ നേപ്പാള്‍ യുവത ഉപയോഗിച്ച മറ്റൊരു പ്രധാന പ്ലാറ്റ്ഫോം റെഡ്ഡിറ്റ് ആണ്. ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുകയും ഏറ്റുമുട്ടലുകളുടെ ക്ലിപ്പുകള്‍ റെഡ്ഡിറ്റില്‍ പങ്കുവെക്കുകയും ചെയ്തു, അതേസമയം വൈബര്‍, വിടോക്ക്, നിംബസ്, പോപ്പോ ലൈവ് തുടങ്ങിയ ആപ്പുകള്‍ ഏകോപനത്തിനായി മറ്റ് വഴികള്‍ നല്‍കി.
പ്രതിഷേധങ്ങളെ തുടര്‍ന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, എക്സ് എന്നിവയുള്‍പ്പെടെ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ വിലക്ക് നേപ്പാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച നീക്കി.
പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ പ്രധാന ഗ്രൂപ്പുകളിലൊന്നായ ഹാമി നേപ്പാള്‍, വിദ്യാര്‍ത്ഥികളെ ഒരുമിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിലേക്കും ഡിസ്‌കോര്‍ഡിലേക്കും തിരിഞ്ഞു. ''എങ്ങനെ പ്രതിഷേധിക്കണം'' എന്ന് വിശദീകരിക്കുന്ന വീഡിയോകള്‍ അവര്‍ പോസ്റ്റ് ചെയ്തു. പങ്കെടുക്കുന്നവരോട് കോളേജ് ബാഗുകള്‍ കരുതാനും പുസ്തകങ്ങള്‍ കൊണ്ടുവരാനും സാധ്യമെങ്കില്‍ സ്‌കൂള്‍ യൂണിഫോം ധരിക്കാനും ആവശ്യപ്പെട്ടു.
'അഴിമതിക്കെതിരെ യുവാക്കള്‍' എന്ന ബാനര്‍ പ്രതിഷേധക്കാര്‍ കയ്യില്‍വെച്ചു. കാഠ്മണ്ഡുവില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഹാമി നേപ്പാളിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാനുഷിക സഹായത്തിലും ദുരന്ത നിവാരണത്തിലും പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് ഹാമി നേപ്പാള്‍. വിദ്യാര്‍ത്ഥികളുമായും കുടിയേറ്റ തൊഴിലാളികളുമായും ബന്ധപ്പെട്ട വിശാലമായ സാമൂഹിക പ്രശ്‌നങ്ങളും ഇത് ഏറ്റെടുക്കുന്നു.
ശനിയാഴ്ച മുതല്‍, പ്രതിഷേധത്തെക്കുറിച്ച് പോസ്റ്റുകള്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 'അഴിമതിക്കെതിരെ യുവാക്കള്‍' എന്ന ബാനറില്‍ ഇന്‍സ്റ്റഗ്രാമിലും ഡിസ്‌കോര്‍ഡിലും ഗ്രൂപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. വിലക്കിന് മുന്‍പ്, യുവാക്കള്‍ നയിക്കുന്ന എന്‍ജിഒയുടെ പ്രസിഡന്റ് സുഡാന്‍ ഗുരുങ് ആയിരക്കണക്കിന് യുവാക്കളെ തെരുവിലിറക്കിയിരുന്നു. ഗ്രൂപ്പ് പ്രതിഷേധ റൂട്ടുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നു. സംഘടന അതിന്റെ സെര്‍വറുകളിലൂടെ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തുടര്‍ന്നു.
മിക്ക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളും തടഞ്ഞതോടെ, ജെന്‍ സീ നയിക്കുന്ന അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രമായി ഡിസ്‌കോര്‍ഡ് മാറി. ഗെയിമര്‍മാര്‍ക്കിടയിലാണ് ഈ ആപ്പ് കൂടുതല്‍ അറിയപ്പെടുന്നതെങ്കിലും, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നു.
തിങ്കളാഴ്ച പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതിന് ശേഷം, പ്രകടനങ്ങള്‍ക്കായി ഉണ്ടാക്കിയ 'അഴിമതിക്കെതിരെ യുവാക്കള്‍' എന്ന ചര്‍ച്ച ഗ്രൂപ്പുകളില്‍ തങ്ങളുടെ രോഷം പങ്കുവെച്ചിരുന്നു. രാഷ്ട്രീയക്കാര്‍, അവരുടെ കുടുംബങ്ങള്‍, സുരക്ഷാ സേന, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന നിരവധി സന്ദേശങ്ങള്‍ ഈ ഗ്രൂപ്പില്‍ നിരന്തരം വന്നു. മണിക്കൂറുകള്‍ക്കകം അക്രമത്തിനുള്ള ആഹ്വാനങ്ങള്‍ കൂടുതല്‍ പ്രകടവും ശക്തവുമായി. രാഷ്ട്രീയക്കാരെ കൊല്ലാനും അവരുടെ വീടുകള്‍ കത്തിക്കാനും ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ കൊണ്ട് ഡിസ്‌കോര്‍ഡ് ഗ്രൂപ്പുകള്‍ നിറഞ്ഞു.
പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി വിമാനമാര്‍ഗ്ഗം രാജ്യം വിടാന്‍ പദ്ധതിയിടുന്നു എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് ചില ഉപയോക്താക്കള്‍ കാഠ്മണ്ഡു വിമാനത്താവളം ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തി. വിമാന സര്‍വീസുകള്‍ തടസ്സപ്പെടുത്താന്‍ ഡ്രോണുകള്‍ പറത്താനും പട്ടങ്ങള്‍ പറത്താനും പടക്കങ്ങള്‍ പൊട്ടിക്കാനും പോസ്റ്റുകള്‍ ആളുകളെ പ്രേരിപ്പിച്ചു. ഇത്രയും വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ ഡിസ്‌കോര്‍ഡ് ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.
Content Highlights: How did Nepal`s Gen Z organize massive protests despite a social media ban?