നേപ്പാൾ വിമാനദുരന്തം: വീണ്ടും ചർച്ചയായി ടേബിൾ ടോപ് റണ്‍വേകൾ, കരിപ്പുർ ദുരന്തം നാലുകൊല്ലം മുൻപ്

കാഠ്മണ്ഡു: നേപ്പാളില്‍ ബുധനാഴ്ച 18 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി ടേബിള്‍ ടോപ് റണ്‍വേകളും അവയിലെ അപകടസാധ്യതകളും. ചുറ്റുമുള്ള പ്രദേശത്തേക്കാള്‍ വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നവയാണ് പേര് സൂചിപ്പിക്കുന്നതുപോലെ ടേബിള്‍ ടോപ് റണ്‍വേകള്‍. അതിനാല്‍ത്തന്നെ ഈ റണ്‍വേയുടെ ഒന്നോ അതില്‍ അധികമോ വശത്ത് കുത്തനെ താഴ്ചയുണ്ടാകും. പൈലറ്റിന്റെ ചെറിയൊരു അശ്രദ്ധപോലും വലിയദുരന്തത്തിലേക്ക് വഴിവെക്കുകയും ചെയ്യും.
ഇന്ത്യയില്‍ അഞ്ച് വിമാനത്താവളങ്ങള്‍ക്കാണ് ടേബിള്‍ ടോപ് റണ്‍വേകളുള്ളത്. കരിപ്പുര്‍ (കോഴിക്കോട്), മംഗളൂരു, ഷിംല (ഹിമാചല്‍ പ്രദേശ്), ലെങ്പുയി (മിസോറം), പാക്‌യോങ് (സിക്കിം) എന്നിവയാണ് അവ. കോഴിക്കോട് വിമാനത്താവളത്തിനും മംഗളൂരു വിമാനത്താവളത്തിനും മുന്‍കാലങ്ങളിലുണ്ടായ വന്‍ അപകടങ്ങളുടെ കഥ പറയാനുമുണ്ട്.
കരിപ്പുര്‍ വിമാനത്താവളം വന്‍ദുരന്തത്തിന് സാക്ഷിയായത് 2020 ഓഗസ്റ്റ് ഏഴിനാണ്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടു. കോവിഡ് മഹാമാരിക്കാലത്ത് ഗള്‍ഫില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്നു ആ വിമാനം. അന്ന് രണ്ട് പൈലറ്റുമാരും 19 യാത്രക്കാരും മരിച്ചു.
2010 മേയ് 22-ന് ദുബായില്‍നിന്ന് മംഗളൂരുവിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനം ലാന്‍ഡിങ്ങിനിടെ തകരുകയും ആറ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 158 യാത്രക്കാര്‍ മരിക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ടേബിള്‍ ടോപ് റണ്‍വേകളുള്ള വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടത്തുന്ന പതിവുണ്ട്.
നേപ്പാളിലും ടേബിള്‍ ടോപ് റണ്‍വേകളില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. സോലുഖുംഭുവിലെ ടെന്‍സിങ്-ഹിലരി വിമാനത്താവളത്തില്‍ 2017 മേയ് 27-ന് ചരക്കുവിമാനം അപകടത്തില്‍പ്പെട്ടിരുന്നു.
ബുധനാഴ്ച കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരവേയാണ് വിമാനം താഴ്ചയിലേക്ക് പതിച്ച് അഗ്നിഗോളമായത്. ടേബിള്‍ ടോപ് റണ്‍വേയാണ് ഇവിടുത്തേത്. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ ആകെയുണ്ടായിരുന്നത് 19 പേരാണ് എന്നാണ് വിവരം. ഇതില്‍ 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നാണ് നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: nepal plance crash and table top runway