നേപ്പാളിലെ മിന്നൽ പ്രളയം: അതിജീവനത്തിന്റെ അത്ഭുതമായി ആറുവയസുകാരിയും 97-കാരിയും

കാഠ്മണ്ഡു: മിന്നൽ പ്രളയം ഉലച്ച നേപ്പാളിൽ നിന്ന് ഹൃദയം തകർക്കുന്ന വാർത്തകളാണ് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. ദുരന്തമുഖത്തെ മോഷണം പോലുള്ള മനുഷ്യത്വരഹിതമായ ചില സംഭവങ്ങളും അവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കെട്ട വാർത്തകൾക്കെല്ലാമിടയിലും പ്രതീക്ഷയുടെ പൊൻകിരണമാകുന്ന ചില വാർത്തകൾ കൂടി സമ്മാനിക്കുന്നുണ്ട് നേപ്പാൾ. ആറുവയസുകാരി പെൺകുട്ടിയുടേയും 97-കാരിയുടേയും അതിജീവനമാണ് അതിൽ ഏറെ ശ്രദ്ധേയമായത്.
റസുവാ ജില്ലയിലാണ് മൂന്നുദിവസം മണ്ണിനും അവശിഷ്ടങ്ങൾക്കുമടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. കുടുങ്ങിക്കിടക്കുന്നവരുണ്ടോ എന്ന് അന്വേഷിക്കാനെത്തിയ പോലീസ് സംഘമാണ് കുട്ടിയുടെ കരച്ചിൽ കേട്ടത്. ഉടൻ തന്നെ അവശിഷ്ടങ്ങൾക്കിയിൽ നിന്ന് കുട്ടിയെ പുറത്തെടുക്കുകയും കാഠ്മണ്ഡുവിലെത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. കുട്ടിയെ രക്ഷാപ്രവർത്തകർ കണ്ടെത്തുന്നതിന്റേയും ഭക്ഷണം നൽകുന്നതിന്റേയും ഹൃദയം നിറയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗുണ മായ ബൊഹാറ എന്ന 97-കാരിയാകട്ടെ, പ്രളയം നെഞ്ചുതകർത്ത നേപ്പാളിന്റെ പ്രതീക്ഷയുടെ അടയാളമായി മാറിയിരിക്കുകയാണ്. ജെസിബിയുടെ ബക്കറ്റിൽ ഇരിക്കുന്ന ഇവരുടെ വീഡിയോ ദൃശ്യം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പ്രളയത്തിൽ തകർന്ന കെയർ ഹോമിന്റെ അടിയിൽ പെട്ടുപോയ ബൊഹാറയെ നേപ്പാൾ സൈന്യവും പോലീസും ചേർന്ന് നാല് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇവരുടെ കൊച്ചുമകൻ ദീപക് ബൊഹാറയും മുത്തശ്ശിയെ രക്ഷിക്കാനായി കാഠ്മണ്ഡുവിൽ നിന്നെത്തിയിരുന്നു.
യുദ്ധം ജയിച്ചു വന്ന ഒരു പോരാളിയെ പോലെയായിരുന്നു തന്റെ മുത്തശ്ശിയെന്ന് ദീപക് ബിബിസി നേപ്പാളിയോട് പറഞ്ഞു. അവിടെ മുത്തശ്ശിക്കൊപ്പമുണ്ടായിരുന്ന പലരും മരിച്ചുപോയിരുന്നു. എന്നാൽ മുത്തശ്ശി മാത്രം ജീവനോടെ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ഗുണ മായ ബൊഹാറയെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയത് ജെസിബിയുടെ ബക്കറ്റിലിരുത്തിയാണ്. ഇതിന്റെ ദൃശ്യമാണ് വൈറലായത്. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
നേപ്പാൾ പ്രളയദുരന്തത്തിൽ ഇതുവരെ 734 പേർ മരിച്ചുവെന്നാണ് ഞായറാഴ്ച രാവിലെ വരെയുള്ള ഔദ്യോഗിക കണക്ക്. 2498 പേർ ഇനിയും കാണാമറയത്താണ്. ഇവരിൽ 589 പേർ വിദേശികളും 933 പേർ ജലവൈദ്യുതപദ്ധതികളിൽ ജോലി ചെയ്യുന്നവരുമാണെന്ന് നേപ്പാൾ അധികൃതർ പറയുന്നു. കാണാതായവരിൽ 275 പേർ ഇന്ത്യക്കാരാണ്.
Content Highlights: Amid devastating Nepal flash floods, a six-year-old girl trapped for three days in Rasuwa and 97-year-old Guna Maya Bohara were miraculously rescued alive from debris by security forces.