തുടരുന്ന ഭൂകമ്പ ദുരന്തങ്ങള്‍, വിറങ്ങലിച്ച് നേപ്പാള്‍ ജനത; 2015-ല്‍ കൊല്ലപ്പെട്ടത് 9,000 പേര്‍

വെള്ളിയാഴ്ച രാത്രി നേപ്പാളിലെ രാജർകോട്ടിലുണ്ടായ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടം | Photo: ANI
വെള്ളിയാഴ്ച രാത്രി നേപ്പാളിലെ രാജർകോട്ടിലുണ്ടായ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടം | Photo: ANI

കാഠ്മണ്ഡു: മാസങ്ങൾക്കിപ്പുറം മറ്റൊരു ഭൂകമ്പത്തിന് മുന്നിൽകൂടി വിറങ്ങലിച്ച് നിൽക്കുകയാണ് നേപ്പാൾ. വെള്ളിയാഴ്ച രാത്രി 11.32-ഓടെയുണ്ടായ ഭൂചലത്തിൽ ഇതിനോടകം നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. 

ഭൂകമ്പ ദുരന്തങ്ങളുടെ സ്ഥിരം ഇരകളാണ് നേപ്പാൾ ജനത. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം 1934-ലാണ് നേപ്പാളിനെ പിടിച്ചുലച്ചത്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകര്‍ത്തിരുന്നു. 10,000-ൽ അധികം പേർ അന്ന് മരിച്ചതായാണ് കണക്ക്. ഇതിന് പിന്നാലെ നിരവധി ഭൂകമ്പ ദുരന്തങ്ങൾ നേപ്പാളിലുണ്ടായി. 1966, 80, 88 തുടങ്ങിയ വർഷങ്ങളിലും അന്നാട്ടിലെ ജനങ്ങൾ ഭൂകമ്പം മൂലമുണ്ടാകുന്ന ദുരിതംപേറി. 1000-ൽ അധികം പേർക്ക് ജീവൻ നഷ്ടമായി. 

2011 സെപ്റ്റംബര്‍ 18-നും നേപ്പാളിൽ ഭൂകമ്പം നാശംവിതച്ചു. 6.9 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ നേപ്പാളിലും ഇന്ത്യയിലുമായി അന്ന് 16 പേര്‍ മരിച്ചു. ഇതിന് മുമ്പും ശേഷവും രാജ്യത്ത് നിരവധി ചെറുചലങ്ങളുണ്ടായിട്ടുണ്ട്. ഇവയിലെല്ലാം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം നേപ്പാളിലുണ്ടായിട്ടുണ്ടെങ്കിലും ആളപായമുണ്ടായിരുന്നില്ല.

എന്നാൽ, 1934-ന് സമാനമായിരുന്നു 2015-ലെ നേപ്പാൾ ദുരന്തം. 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുന്നതിയത്. അതിശക്തമായ ഭൂകമ്പത്തിൽ  8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ൽ അധികം പേര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് വീടുകള്‍ തകര്‍ന്നു. പതിനായിരങ്ങള്‍ പാര്‍പ്പിടമില്ലാത്തവരായി. ഈഭൂകമ്പത്തിൽ ഇന്ത്യയിലും 75 പേർ മരിച്ചതായാണ് സർക്കാർ കണക്കുകൾ. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ബം​ഗ്ലാദേശിലുമടക്കം അന്ന് പ്രകമ്പനമുണ്ടായി. 

ഒരു വർഷത്തിന് മുമ്പും നേപ്പാളിൽ ഭൂചലനമുണ്ടായി. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിൽ ആറു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മണിക്കൂറുകൾക്കിടെ മൂന്ന് ഭൂചലനങ്ങൾ അന്ന് നേപ്പാളിൽ റിപ്പോർട്ട് ചെയ്തിരുന്നു. 

നേപ്പാളിലെ ആശുപത്രിയില്‍ നിന്നും | Photo:AFP

Content Highlights: nepal earthquakes in 2015,2019 and 2023