നേപ്പാൾ ദുരന്തഭൂമിയിലെ ഹൈടെക് ‘രക്ഷാപ്രവർത്തകർ’; മൃതശരീരങ്ങൾ വീണ്ടെടുത്ത് വീടുകളിലെത്തിച്ച് ഡ്രോണുകൾ

കാഠ്മണ്ഡു: പ്രളയത്തിൽ വഴികളും പാലങ്ങളും നദികളെടുത്തപ്പോൾ, മനുഷ്യർക്ക് എത്തിപ്പെടാനാകാത്ത ഇടങ്ങളിലേക്ക് ആകാശം വഴിയൊരുക്കി. ദുരന്തമേഖലകളിൽനിന്ന് മൃതശരീരങ്ങൾ വീണ്ടെടുത്ത് വീടുകളിലേത്തിക്കുന്ന ദൗത്യം ഡ്രോണുകളേറ്റെടുത്തു. നേപ്പാളിലെ ദുരന്തമുഖത്ത് ജീവിതത്തിനും മരണത്തിനുമിടയിലെ അവസാന കണ്ണിയായി മാറുകയാണ് ഈ ചെറു പറക്കും യന്ത്രങ്ങൾ.
നുവാകോട്ടിലെ ദേവിഘട്ട്-3ൽ നിന്ന് ദേവിഘട്ട്-5ലേക്ക് ഏഴ് മൃതദേഹങ്ങളാണ് ഡ്രോണുകൾ വഴി മാറ്റിയത്. നേപ്പാൾ പോലീസ്, സൈന്യം, ഡ്രോൺ നിർമാതാക്കളായ ഗാർഡ്എക്സ് എന്നിവരുടെ സംഘമാണ് ദൗത്യം നടത്തിയത്. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര സാധനങ്ങൾ എത്തിക്കുന്നതിനും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആളുകളെ കണ്ടെത്തുന്നതിനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. മൂന്നു ദിവസത്തിനിടെ 1.5 ടണ്ണിലധികം അടിയന്തരസാധനങ്ങൾ ഡ്രോണുകൾ വഴി എത്തിച്ചുനൽകി. എ.ഐ. സംവിധാനമുള്ള ഡ്രോണുകൾ ഗ്രാമങ്ങളിലെത്തി വെള്ളം, ഭക്ഷണം, മരുന്ന് എന്നിവ ആവശ്യമുണ്ടോയെന്ന് ഉച്ചഭാഷിണിയിലൂടെ ചോദിക്കുകയും ആളുകളോട് കൈ ഉയർത്തി മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഫോൺ നമ്പറോ വിലാസമോ മണ്ണിലോ പ്ലക്കാർഡിലോ രേഖപ്പെടുത്താനും ആവശ്യപ്പെടുന്നു. അങ്ങനെ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നത്.അപ്പർ ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയുടെ വെള്ളവും പാറകളും നിറഞ്ഞ തുരങ്കത്തിനുള്ളിലും ഡ്രോൺ പരിശോധന നടത്തി.
Content Highlights: Drones are successfully recovering bodies from inaccessible disaster zones in Nepal., Over 1.5 tons of emergency supplies, food, and medicine delivered within three days., AI-equipped drones use loudspeakers to communicate with stranded villagers and assess their needs., Complex rescue operations conducted inside tunnels like the Upper Trishuli-1 hydroelectric project.