നേപ്പാള്‍ അതിർത്തിയില്‍ ചൈനയുടെ അതിക്രമിച്ചുകയറ്റമെന്ന് റിപ്പോർട്ട്; നിഷേധിച്ച് ചൈന

കാഠ്മണ്ഡു: ഇരുരാജ്യങ്ങളും പങ്കിടുന്ന അതിര്‍ത്തിയിലൂടെ ചൈന നേപ്പാളിലേക്ക് അതിക്രമിച്ചുകയറുന്നുവെന്ന് ആരോപിക്കുന്ന നേപ്പാള്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ബിബിസി പുറത്തുവിട്ടു. ഇതാദ്യമായാണ് നേപ്പാളിന്റെ പ്രദേശത്ത് ചൈനയുടെ ഇടപെടല്‍ സംബന്ധിച്ച് ഔദ്യോഗികമായ വിവരം പുറത്തുവരുന്നത്.
നേപ്പാളിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹംല ജില്ലയില്‍ ചൈന അതിക്രമിച്ച് കയറുന്നു എന്ന വാദത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തത്. എന്നാല്‍ യാതൊരു കയ്യേറ്റവും നടന്നിട്ടില്ലെന്ന് കാഠ്മണ്ഡുവിലെ ചൈനീസ് എംബസി ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് പറഞ്ഞു. ചോദ്യങ്ങളോട് നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. എന്നാല്‍ നേപ്പാള്‍ സര്‍ക്കാര്‍ സമീപകാലങ്ങളില്‍ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ബന്ധത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് സാധ്യത.
നേപ്പാളും ചൈനയും തമ്മില്‍ ഏകദേശം 1,400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഹിമാലയന്‍ പര്‍വതനിരകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. 1960-കളുടെ തുടക്കത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ഉടമ്പടികളുടെ ഭാഗമായാണ് അതിര്‍ത്തികള്‍ നിശ്ചയിച്ചിരിക്കുന്നത്.
ചൈനയുടെ കടന്നുകയറ്റത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹംലയിലേക്ക് ഒരു ടാസ്‌ക്ഫോഴ്സിനെ അയക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പോലീസിന്റെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരുന്നു സംഘം. അതിര്‍ത്തിയില്‍ നേപ്പാളിന്റെ ഭാഗത്ത് ചൈന നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി വിവരങ്ങളുണ്ട്.
ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും പുണ്യസ്ഥലമായ ചൈനയിലെ കൈലാഷ് പര്‍വതത്തിന്റെ സാമീപ്യം കാരണം കാലങ്ങളായി ഹംല തീര്‍ത്ഥാടകരെ ആകര്‍ഷിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലെ ലാലുങ്ജോംഗ് എന്ന സ്ഥലത്ത് ചൈനീസ് സുരക്ഷാ സേന മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതായി ഈ സംഘം കണ്ടെത്തിയതായും ബിബിസിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിര്‍ത്തി പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പ്രദേശവാസികളായ നേപ്പാളുകാര്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പലരും അതിര്‍ത്തി കടന്നുള്ള ചൈനീസ് മാര്‍ക്കറ്റുകളെയാണ് നിരന്തരമായി ആശ്രയിക്കുന്നതെന്നാണ് സംഘം പറയുന്നത്. സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: nepal accuses china of encroaching into their territory along the border
Content Highlights: