'യുദ്ധത്തിനുപകരം ഇന്ത്യ ലോകത്തിന് ബുദ്ധനെ സംഭാവനചെയ്തു'; ഓസ്ട്രിയയിൽ മോദി

വിയന്ന: ഇന്ത്യ ലോകത്തിന് യുദ്ധത്തിന് പകരം ബുദ്ധനെ സംഭാവനചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഓസ്ട്രിയയില്‍ എത്തിയ മോദി വിയന്നയിലെ ഇന്ത്യക്കാരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു. 41 വര്‍ഷത്തിനിടെ ഓസ്ട്രിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യ അറിവും വൈദഗ്ധ്യവും ലോകവുമായി പങ്കുവെക്കുന്നു. യുദ്ധമല്ല, ലോകത്തിന് ബുദ്ധനെയാണ് രാജ്യം നല്‍കിയത്. ഇന്ത്യ എപ്പോഴും സമാധാനവും ശാന്തിയുമാണ് പ്രദാനംചെയ്തത്. അതുകൊണ്ട് 21-ാം നൂറ്റാണ്ടില്‍ ഇന്ത്യ തങ്ങളടെ പങ്ക് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
'ഭൂമിശാസ്ത്രപരമായി രണ്ട് അറ്റങ്ങളിലാണ് ഇന്ത്യയും ഓസ്ട്രിയയും സ്ഥിതിചെയ്യുന്നത്. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. ജനാധിപത്യം ഇരുരാജ്യങ്ങളേയും ഒന്നിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, ബഹുസ്വരത, നിയമവാഴ്ചയോടുള്ള ആദരം എന്നിവ ഇരുരാജ്യങ്ങള്‍ക്കിടയിലേയും സമാനതകളാണ്. ഇരുരാജ്യങ്ങളും ബഹുഭാഷാ- ബഹുസംസ്‌കാര സമൂഹങ്ങളാണ്. വൈവിധ്യം ആഘോഷിക്കുന്ന രാജ്യങ്ങളാണ് രണ്ടും', മോദി പറഞ്ഞു
ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ് ഹബ്ബാണ് ഇന്ത്യ. നിലവില്‍ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ, വൈകാതെ മൂന്നാമത്തെത്തും. സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ വികസിതരാഷ്ട്രമാക്കിമാറ്റുമെന്നുും അദ്ദേഹം അവകാശപ്പെട്ടു.
Content Highlights: India gave ‘Buddha’ to the world, not ‘Yuddha’: PM Modi in Vienna