ക്രിപ്‌റ്റോകറൻസി ഹറാമെന്ന് ഫത്വ, കൂട്ടത്തോടെ വിറ്റൊഴിയൽ; പാകിസ്താന് പുതിയ പ്രതിസന്ധി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | ക്രിപ്റ്റോ കറന്‍സി | Photo: AFP
പ്രതീകാത്മകചിത്രം | ക്രിപ്റ്റോ കറന്‍സി | Photo: AFP

ഇസ്ലാമാബാദ്: ക്രിപ്റ്റോ കറൻസി ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനുള്ള പാകിസ്താന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി പ്രമുഖ ഇസ്ലാമിക പണ്ഡിതന്റെ ഫത്വ. ബിറ്റ്കോയിൻ, എഥിറിയം ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസികൾ ഇസ്ലാമിക നിയമപ്രകാരം നിഷിദ്ധമാണെന്ന് (ഹറാം) പാകിസ്താനിലെ സ്വാധീനശക്തിയുള്ള പണ്ഡിതൻ മുഫ്തി മുഹമ്മദ് തഖി ഉസ്മാനിയാണ് പ്രഖ്യാപിച്ചത്. ക്രിപ്റ്റോ കറൻസികൾക്ക് കൃത്യമായ ആസ്തി മൂല്യമില്ലെന്നും, ഇവയിലെ അമിതമായ അനിശ്ചിതത്വവും ഊഹക്കച്ചവടവും ചൂതാട്ടത്തിന് തുല്യമാണെന്നുമാണ് ഫത്വയിൽ വ്യക്തമാക്കുന്നത്. അതിനാൽ ശരിയ നിയമപ്രകാരം ഇത്തരം നിക്ഷേപങ്ങൾ അനുവദനീയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി (PVARA) രൂപീകരിച്ച് ക്രിപ്റ്റോ സൗഹൃദ രാജ്യമാകാൻ പാകിസ്താൻ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം വരുന്നത്. വിദേശത്തുള്ള പാകിസ്താനികൾക്ക് പണമയക്കൽ എളുപ്പമാക്കാനും സാമ്പത്തിക സാങ്കേതിക വിദ്യയിൽ ആധുനികവൽക്കരണം കൊണ്ടുവരാനും പാക് സർക്കാർ ലക്ഷ്യമിട്ടിരുന്നു. ഈ നീക്കങ്ങൾക്ക് ഫത്വ തിരിച്ചടിയാകും. ഇസ്ലാമിക പണ്ഡിതന്റെ ഫത്വ പാകിസ്താനിൽ ഔദ്യോഗികമായി നിയമപരമായ പ്രാബല്യമുള്ളതല്ല എങ്കിലും പാകിസ്താനിലെ നിക്ഷേപകർക്കിടയിൽ മുഫ്തി തഖി ഉസ്മാനിക്കുള്ള വലിയ സ്വാധീനം വിപണിയെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. നിയമപ്രകാരം ക്രിപ്റ്റോ ഇടപാടുകൾ പാകിസ്താനിൽ നിരോധിക്കപ്പെട്ടിട്ടില്ലെങ്കിലും മതവിശ്വാസികളായ നിക്ഷേപകർ സ്വമേധയാ ഈ രംഗത്തുനിന്ന് പിന്മാറാൻ സാധ്യതയുണ്ട്.

മുഫ്തിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്താനിലും ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ചില നിക്ഷേപകർക്കിടയിലും നിക്ഷേപങ്ങൾ വിറ്റൊഴിയുന്ന സാഹചര്യം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ആഗോള ക്രിപ്റ്റോ വിപണിയെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. ഇസ്ലാമിക സാമ്പത്തിക കാര്യങ്ങളിൽ ലോകമെമ്പാടും ആദരിക്കപ്പെടുന്ന പണ്ഡിതനായതിനാൽ, അദ്ദേഹത്തിന്റെ ഈ നിലപാട് മറ്റ് മുസ്ലീം രാജ്യങ്ങളിലെ നിക്ഷേപകരെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Content Highlights: Mufti Taqi Usmani declared cryptocurrencies like Bitcoin and Ethereum as Haram., The fatwa cites lack of asset value and speculative nature as reasons for the ruling., Impacts Pakistan's ambitions to become a crypto-friendly nation via PVARA., Potential influence on Muslim investors globally due to the Mufti's international reputation., Immediate market reaction observed with sell-offs in Pakistan and neighboring regions.